print edition സിഎംആർഎൽ അപ്പീൽ; വിധി വരുംവരെ ഇഡി നടപടി പാടില്ല: ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് ഇടപാടിൽ ഇഡി തുടർനടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഞ്ചുവരെ തടഞ്ഞു. ഇഡി സമൻസുകളിൽ അന്വേഷണം തുടരാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് അഞ്ചിന് വിധി പറയും.
അതുവരെ സിഎംആർഎൽ അധികൃതർക്കെതിരെ തുടർനടപടി പാടില്ലെന്ന് ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആർഎൽ അപ്പീൽ നൽകിയത്. സ്‌റ്റേ ആവശ്യം പരിഗണിക്കാതെതന്നെ ഡിവിഷൻ ബെഞ്ച് അപ്പീലിൽ വിശദവാദം കേൾക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) അന്വേഷണത്തിന് പിന്നിൽ മുൻകൂർ കുറ്റകൃത്യം ഉണ്ടാകണമെന്നും അതില്ലാതെ ഇഡി നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നും സിഎംആർഎല്ലിനായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര വാദിച്ചു. അത്തരം കുറ്റകൃത്യം ഇല്ലാതിരിക്കെ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്നും വിശദീകരിച്ചു.
2019ൽ സ്ഥാപനത്തിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയതും ഇന്ററിം സെറ്റിൽമെന്റ് ബോർഡ് വിഷയം അവസാനിപ്പിച്ചതാണെന്നും ശ്രദ്ധയിൽപ്പെടുത്തി. ഇഡിയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധം ചെലുത്തുന്നുവെന്നും അപ്രിയരീതിയിലാണ് അവർ ഇടപെട്ടതെന്നും വാദിച്ചു. ഇഡി നൽകിയ രണ്ട് അധിക സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സിംഗിൾ ബെഞ്ച് സാവകാശം നിഷേധിച്ചെന്നും സിഎംആർഎൽ ബോധിപ്പിച്ചു.
പണമിടപാടിൽ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അന്വേഷണം നിയമപരമാണെന്നുമാണ് ഇഡിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശന്റെ വാദം.
2024 ജനുവരിയിൽ കോർപറേറ്റ് മന്ത്രാലയം സിഎംആർഎല്ലിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ഉത്തരവിട്ടതിനുപിന്നാലെ എസ്എഫ്ഐഒ കമ്പനി നിയമപ്രകാരം പരാതി നൽകിയെന്നും ബോധിപ്പിച്ചു. പരാതി എന്നാണ് നൽകിയതെന്ന് കോടതി ആരാഞ്ഞപ്പോൾ, 2025ൽ സിംഗിൾ ബെഞ്ച് സിഎംആർഎല്ലിന്റെ ഹർജി ഉത്തരവിനായി മാറ്റിയശേഷമായിരുന്നുവെന്ന് ഇഡി അറിയിച്ചു.










0 comments