വറ്റമീൻ വിത്തുൽപ്പാദന സാങ്കേതികവിദ്യക്ക് ദേശീയാംഗീകാരം ; സിഎംഎഫ്ആർഐക്ക് നേട്ടം

കൊച്ചി
രാജ്യത്തെ മികച്ച അഞ്ച് ഫിഷറീസ് സാങ്കേതികവിദ്യകളിൽ ഇടംനേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ വറ്റമീൻ ഗവേഷണവും. ഉയർന്ന വിപണിമൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയുടെ വിത്തുൽപ്പാദന സാങ്കേതികവിദ്യയാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഫിഷറീസ് സാങ്കേതികവിദ്യകളിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചത്. ഐസിഎആറിന്റെ 97–--ാമത് സ്ഥാപിതദിനാഘോഷ ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ സാങ്കേതികവിദ്യ പുറത്തിറക്കി.
വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുള്ള ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ സുസ്ഥിര സമുദ്രകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുമെന്നതിനാലാണ് അംഗീകാരം ലഭിച്ചത്. വറ്റയുടെ കൃഷി കൂടുതൽ ജനകീയമാക്കാമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം.
മറ്റു പല മീനിനേക്കാളും വേഗത്തിൽ വളരാനും പ്രതികൂലസാഹചര്യങ്ങളെ പ്രതിരോധിക്കാനും വറ്റയ്‌ക്ക് ശേഷിയുണ്ട്. കൂടുകളിൽ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാം. കുറഞ്ഞ കാലയളവിൽ മികച്ച വളർച്ച നേടും. ആവശ്യക്കാരും ഏറെയാണ്.
സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ. എം ശക്തിവേൽ, ഡോ. ബി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണമെന്ന് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. സിഎംഎഫ്ആർഐയുടെ പരീക്ഷണത്തിൽ, ഈ മീൻ കൂടുകൃഷിയിൽ അഞ്ചുമാസംകൊണ്ട് 500 ഗ്രാംവരെയും എട്ടുമാസംകൊണ്ട് ഒരുകിലോവരെയും വളർച്ച നേടുന്നതായി കണ്ടെത്തി.
ഇന്തോ–-പസിഫിക് മേഖലയിൽ ഏറെ വാണിജ്യസാധ്യതകളുള്ള മീനാണ് വറ്റ. മികച്ച മാംസവും രുചിയുമാണ് ഇവയെ പ്രിയപ്പെട്ടതാക്കുന്നത്. കിലോയ്‌ക്ക് 300 മുതൽ 700 വരെയാണ് വില.











0 comments