print edition സിഎംഡിആർഎഫിന് പൂട്ട്: ചികിത്സാസഹായത്തിന് കമീഷൻരാജ്


സി കെ ദിനേശ്
Published on Jul 15, 2026, 12:00 AM | 1 min read
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാസഹായ വിതരണത്തിൽ കമീഷൻ രാജ് നടപ്പാക്കുന്നു. ഓൺലൈൻ സംവിധാനം അവസാനിപ്പിച്ച് വെള്ളക്കടലാസിൽ അപേക്ഷ സ്വീകരിച്ച് പണം നൽകുന്ന രീതിക്ക് യുഡിഎഫ് സർക്കാർ തുടക്കമിട്ടു. രാഷ്‌ട്രീയ പക്ഷപാതം കാണിച്ചും കമീഷൻ വാങ്ങിയും ചികിത്സാസഹായം നൽകുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ സമ്പ്രദായം പുനഃസ്ഥാപിച്ചതിന്റെ രേഖകൾ പുറത്തുവന്നു.
സുതാര്യമായ സിഎംഡിആർഎഫ് ഫണ്ട് വിതരണം അട്ടിമറിക്കപ്പെടുന്നതോടെ വൻ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഒന്നരമാസത്തിനിടെ ഒമ്പതര കോടി രൂപമാത്രമാണ് വിതരണംചെയ്‌തത്. മെയ്18 മുതൽ ജൂൺ 30വരെ കലക്‌ടർമാർ വഴിയുള്ള അപേക്ഷകൾ പ്രകാരം നൽകിയത് രണ്ടുകോടിയും അപേക്ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകിയത് ഏഴര കോടി രൂപയും മാത്രം. അതുതന്നെ രാഷ്‌ട്രീയ താൽപ്പര്യം പരിഗണിച്ചും മന്ത്രിസഭാ തീരുമാനമനുസരിച്ചും. കഴിഞ്ഞ 10വർഷം പ്രതിമാസം ശരാശരി 80 കോടിരൂപ ചികിത്സാസഹായം വിതരണംചെയ്‌ത സ്ഥാനത്താണിത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം വാങ്ങിനൽകാമെന്ന് വാഗ്‌ദാനംചെയ്‌ത് പോസ്റ്ററും നോട്ടീസും കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി ഇറക്കി. വി ഡി സതീശന്റെ ചിത്രംവച്ച് നടത്തുന്ന പ്രചാരണത്തിൽ പറയുന്നത് വെള്ളക്കടലാസിലുള്ള അപേക്ഷയ്‌ക്കൊപ്പം റേഷൻകാർഡിന്റെയും ബാങ്ക് പാസ്‌ബുക്കിന്റെയും പകർപ്പും ഡോക്‌ടറുടെ സർട്ടിഫിക്കറ്റും മാത്രം മതിയെന്നാണ് നേതാവിന്റെ ശുപാർശക്കത്ത് സഹിതം ഇവ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കുമെന്നും പണം അക്കൗണ്ടിൽ വരുമ്പോൾ കമീഷൻ നൽകണമെന്നുമാണ് വ്യവസ്ഥ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓൺലൈൻ വഴിയുള്ള അപേക്ഷകളിൽ ഡോക്‌ടർമാരുടെ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി കർശന നടപടിയുമെടുത്തു.
നേരിട്ട് അപേക്ഷ സ്വീകരിച്ച് അക്കൗണ്ടിലേക്ക് പണം നൽകാൻ തീരുമാനിച്ചാൽ, വ്യാജ അപേക്ഷകളും വർധിക്കും. എൽഡിഎഫ് സർക്കാർ പൂർണമായും ഓൺലൈനാക്കിയ സംവിധാനം സുതാര്യമായി തുടരുന്നതിന് സർക്കാരിന്റെ മാറ്റമോ ആൾക്ഷാമമോ പോർട്ടൽ നവീകരണമോ തടസ്സമല്ല. സാങ്കേതിക തടസ്സങ്ങളുണ്ടായാൽ ബദൽവഴി കണ്ടെത്തിയാണ് മുൻപ് രോഗികളെ സഹായിച്ചിരുന്നത്.











0 comments