print edition വഖഫ് ബോർഡ്; കള്ളം പൊളിഞ്ഞപ്പോൾ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന കള്ളം പൊളിഞ്ഞപ്പോൾ കളംമാറ്റി മുഖ്യമന്ത്രി വി ഡി സതീശൻ. ജൂലൈ 22ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തള്ളിയെന്നും അതിനാൽ അമുസ്ലിംങ്ങളെ ബോർഡിൽ ഉൾപ്പെടുത്തൽ അന്തിമമാണെന്നും സതീശൻ പറഞ്ഞത്.
ഹർജികൾ തീർപ്പാക്കിയിട്ടില്ലെന്നും സുപ്രീംകോടതി ആഗസ്‌ത് 25ലേക്ക് മാറ്റിയിരിക്കുകയാണെന്നും ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോൾ മറുപടി നൽകിയില്ല. അമുസ്ലിങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമോ എന്ന ചോദ്യത്തിനോടും വ്യക്തമായി പ്രതികരിച്ചില്ല. സുപ്രീംകോടതി വിധി വരട്ടെയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
നിയമഭേദഗതി വന്നശേഷം നാലുമാസം കഴിഞ്ഞാണ് എൽഡിഎഫ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും പ്രതിപക്ഷാംഗങ്ങൾ ഉണ്ടാകാതിരിക്കാനാണ് തീരുമാനം വൈകിപ്പിച്ചതെന്നും അതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും സതീശൻ പറഞ്ഞു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരുവർഷംവരെ വൈകിപ്പിച്ചാണ് വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചിരുന്നുവെന്നത് അദ്ദേഹം മറന്നു.
തമിഴ്‌നാട് സർക്കാരും മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സംഘടനകളും വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇൗ ഹർജികളെ പിന്തുണച്ച് എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ ഇടപെടൽ ഹർജിയും നൽകി. ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തരുതെന്നാണ് കഴിഞ്ഞ സർക്കാർ ആവശ്യപ്പെട്ടത്.
ഭേദഗതി ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതിയെ അറിയിച്ചു. ഇൗ ഹർജി നിലനിൽക്കെയാണ് അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും യുഡിഎഫ് സർക്കാർ ഉറപ്പ് നൽകിയത്.










0 comments