'22 ദിവസം കൂടി കഴിഞ്ഞോട്ടെ, സാറുമാരെ സുഖിപ്പിക്കുന്നുണ്ട്' മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കോൺഗ്രസിന്റെ ഭീഷണി

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന് നേരെ ഉയരുന്ന ഭീഷണി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ് സൈബർ സംഘം. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് സൈബറിടത്ത് കോൺഗ്രസിന്റെ ഭീഷണി നിറയുന്നത്.
'ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും' എന്ന തരത്തിലാണ് ഭീഷണി ഉയരുന്നത്. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് ഈ ഭീഷണി സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. '22 ദിവസം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തല അടിച്ചുപൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ' എന്നാണ് അരുൺ രാജേന്ദ്രന്റെ പോസ്റ്റിലെ ഉള്ളടക്കം.
'ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്' എന്നും പോസ്റ്റിൽ പറയുന്നു. കണക്ക് തീർക്കാൻ തയ്യാറാണ് എന്നും അണികൾ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്ന പേജിലും കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് ചോദിച്ചിരിക്കും' എന്നാണ് പോസ്റ്റുകൾ നിറയുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സർക്കാർ രൂപീകരണത്തെ കുറിച്ചും ആർക്കൊക്കെ മന്ത്രി കസേരകൾ എന്ന ചർച്ചയും തമ്മിൽ തല്ലലുമാണ് കോൺഗ്രസിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളിലും മറ്റുമായി വന്ന സർവേകളിൽ എല്ലാം കേരളത്തിൽ തുടർഭരണമെന്ന് പറയുമ്പോഴും കോൺഗ്രസിൽ മന്ത്രിസഭ രൂപീകരണ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടയിലാണ് പോലീസുകാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന ഭീഷണിയും കോൺഗ്രസ് സൈബറിടത്ത് നിന്ന് ഉയരുന്നത്.










0 comments