ad
Deshabhimani

സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെൻഷൻ: കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞു

satheesan

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on May 29, 2026, 06:22 PM | 1 min read

തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കള്ളം പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. മാധ്യമപ്രവർത്തകർ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടിയ മുഖ്യമന്ത്രി, ചോദ്യം പ്രിൻസിപ്പലിനെക്കുറിച്ചായിരുന്നെങ്കിൽ കെഎസ്ആർടിസി കണ്ടക്ടറുടെ സാഹചര്യം പറഞ്ഞ് തടിതപ്പുകയായിരുന്നു.


സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട ചോദ്യത്തിൽ, തന്റെ മുഖം ഒരു ന​ഗ്നമായ ചിത്രത്തിനൊപ്പം ചേർത്തുവെച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്രചരിപ്പിച്ചതായി പറയപ്പെടുന്ന സാഹചര്യമാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിവരിച്ചത്. എന്നാൽ അധ്യാപകൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതാകട്ടെ മറ്റൊരു ചിത്രവുമായിരുന്നു. പൂച്ചപെറ്റ് കിടക്കുന്ന ഖജനാവ് എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച സംഭവവും അതിന് ശേഷം ആ ഖജനാവിൽ നിന്നും ഫണ്ടെടുത്ത് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയതിനെയുമാണ് അധ്യാപകൻ പരാമർശിച്ചത്.


വാർത്താസമ്മേളനത്തിലെ ചോദ്യത്തിൽ മുഖ്യമന്ത്രി ഇക്കാര്യം പാടെ വിഴുങ്ങുകയും കണ്ടക്ടറുടെ സസ്പെൻഷന്റെ കഥ വിവരിക്കുകയുമായിരുന്നു. മുഖ്യമന്ത്രി കള്ളം പറഞ്ഞ് പൊതുജനങ്ങളെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയും കബിളിപ്പിക്കുകയുമാണെന്ന യാഥാർത്ഥ്യം ഇതോടെ ജനങ്ങൾക്ക് മുന്നിൽ ഒരിക്കൽ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ ഒരു അനുവഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി.


ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാൽ, ഇതിൽ വ്യക്തമായ മറുപടി നൽകാതെ, കെഎസ്ആർടിസി കണ്ടക്ടറുടെ സസ്പെൻഷൻ കഥ പറഞ്ഞ് മുഖ്യമന്ത്രി വിഷയം മാറ്റുകയായിരുന്നു.


മുഖ്യമന്ത്രി വിഡി സതീശനെ വിമർശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു എന്ന 'മഹാകുറ്റത്തിനാണ്' മുതിർന്ന അധ്യാപകനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്ററുമായ ജവാദ് സുബൈറിനെതിരെ അടിയന്തരമായി സസ്പെന്റ് ചെയ്തത്. ഖജനാവിലെ പണത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പൊള്ളയായ പ്രഖ്യാപനങ്ങളെ പരിഹസിക്കുന്ന പോസ്റ്റ് പങ്കുവെച്ചതിനാണ് ഈ ക്രൂരമായ പ്രതികാര നടപടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home