സിഎം റിസർച്ചർ സ്കോളർഷിപ്പ്, ഗവേഷണ വിദ്യാർഥികൾക്ക് പുതുവത്സര സമ്മാനം; ആദ്യഗഡു വിതരണം നാളെ: മന്ത്രി ബിന്ദു

തിരുവനന്തപുരം: ഗവേഷണ വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാരിൻ്റെ പുതുവത്സര സമ്മാനമായി സി എം റിസർച്ചർ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ സർവ്വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. ഒരു ഗവേഷണ വിദ്യാർഥിക്ക് പ്രതിവർഷം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം (മാസം പതിനായിരം രൂപ വീതം) മൂന്നുവർഷത്തേക്കായി മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ സർവ്വകലാശാലകളിലോ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുള്ള, കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകളുടെ സ്‌കോളർഷിപ്പുകളോ മറ്റു ഫെലോഷിപ്പുകളോ ലഭിക്കാത്ത റെഗുലർ / ഫുൾ ടൈം ഗവേഷണ വിദ്യാർഥികൾക്കാണ് പുതുതായി പ്രഖ്യാപിക്കുന്ന സി എം റിസർച്ചർ സ്കോളർഷിപ്പ്. പ്രതിമാസം പതിനായിരം രൂപ നിരക്കിൽ പ്രതിവർഷം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം പഠനം തുടരുന്ന ഓരോ ഗവേഷണ വിദ്യാർഥിക്കും മൂന്നു വർഷകാലയളവിലും സ്കോളർഷിപ്പ് ലഭിക്കും. ഒരു വർഷത്തേക്കുള്ള സ്കോളർഷിപ്പ് തുക ഗവേഷണ വിദ്യാർഥിക്ക് രണ്ട് ഗഡുക്കളായാണ് നൽകുക.
ഒരു വർഷം പ്രവേശനം നേടുന്ന ഗവേഷണ വിദ്യാർത്ഥികളെ രണ്ട് ബാച്ചുകൾ ആക്കിയാണ് സിഎം റിസർച്ചർ സ്കോളർഷിപ്പ് പദ്ധതിക്ക് പരിഗണിക്കുക. ജനുവരിയിൽ പ്രവേശനം നേടിയ ബാച്ചും, ജൂലൈയിൽ പ്രവേശനം നേടിയ ബാച്ചും. 2025 ജനുവരിയിൽ പ്രവേശനം നേടിയ ഗവേഷണ വിദ്യാർഥികളുടെ അപേക്ഷകൾ പരിഗണിച്ച് 143 വിദ്യാർഥികൾക്ക് സി എം റിസർച്ച് സ്കോളർഷിപ്പിന് അർഹതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പ്രതിമാസം പതിനായിരം രൂപ നിരക്കിൽ ആറുമാസത്തെ ആദ്യഗഡുവായ അറുപതിനായിരം രൂപ വീതമുള്ള സ്‌കോളർഷിപ്പ് നാളെ നൽകുമെന്നും മന്ത്രി അറിയിച്ചു.
ഡിസംബർ 31ന് വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പിന്റെ ആദ്യ ഗഡു വിതരണം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. അഡ്വ. ആൻ്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.










0 comments