'വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാൻ സാധിക്കട്ടെ'; മമ്മൂട്ടിക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവാത്മകമായ അഭിനയാവിഷ്‌കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സർഗ്ഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയൻ പറഞ്ഞു. വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മമ്മൂട്ടിക്ക് ആശംസ നേർന്നു. അഭിനയത്തിന്റെ സൂക്ഷ്മതയും ജാഗ്രതയും കൊണ്ട് നമുക്ക് ചുറ്റിലും ജീവിക്കുന്ന എത്രയെത്ര മനുഷ്യഭാവങ്ങളെയാണ് അദ്ദേഹം അനശ്വരമാക്കിയത്. നിരന്തരം പുതുക്കലിന് വിധേയമാക്കുന്ന മമ്മൂട്ടിയുടെ അഭിനയ പാടവം കലാ ലോകത്ത് മലയാളത്തിന്റെ യശസ്സിനെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. പകരംവയ്ക്കാനില്ലാത്ത അഭിനയ വെെഭവത്തിന്, മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇത്തവണ ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊത്ത് ലളിതമായാണ് മെഗാസ്‌റ്റാറിന്റെ പിറന്നാൾ ആഘോഷം. സമൂഹമാധ്യമങ്ങളിൽ ആയിരങ്ങൾ ഇതിനകം അദ്ദേഹത്തെ ആശംസ അറിയിച്ചു. പിറന്നാൾ ആശംസനേർന്ന എല്ലാവർക്കും മമ്മൂട്ടി നന്ദി പറഞ്ഞു. 'എല്ലാവർക്കും സ്‌നേഹവും നന്ദിയും, സർവശക്തനും'- എന്നാണ് മമ്മൂട്ടി കുറിച്ചത്.
പൂർണ ആരോഗ്യവാനായി വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്ന ഘട്ടത്തിൽ താരത്തിന്റെ 74-ാം പിറന്നാളിന് മാധുര്യമേറുകയാണ്. 'ഈ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്, ഇതൊരു birthday അല്ല. Rebirth day ആണ്. ഒരു പോരാട്ടത്തിൽ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം'- എന്നാണ് ജോൺ ബ്രിട്ടാസ് എംപി കുറിച്ചത്. സമൂഹമാധ്യമങ്ങളിൽ ആയിരങ്ങൾ ഇതിനകം മെഗാസ്റ്റാറിന് ആശംസ അറിയിച്ചു.










0 comments