തലശ്ശേരി ജില്ലാ കോടതിക്ക് ഇനി പുതിയ മുഖം; കെട്ടിടസമുച്ചയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

തലശേരി: നീതിന്യായവ്യവസ്ഥയിൽ രണ്ട് നൂറ്റാണ്ടിലേറെ ചരിത്രമുള്ള തലശേരി ജില്ലാ കോടതിയുടെ ബഹുനിലക്കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കിഫ്ബിയിൽനിന്നും 57 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. കോടതിയിലെത്തുന്ന സാക്ഷികൾക്കുള്ള വിശ്രമമുറികൾ, ബാങ്ക്, പോസ്റ്റ് ഓഫീസ്, ക്യാന്റീൻ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്. പൂർണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിടസമുച്ചയത്തിൽ കോടതികളിലെത്തുന്ന അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
ഇവിടെ ചരിത്രം മിഴിതുറക്കും
തലശേരി കോടതി ആധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടത്തിലേക്ക് മാറുമ്പോൾ നാലാംനിലയിൽ മ്യൂസിയവും ഉണ്ടാകും. ബ്രിട്ടീഷുകാരുടെ കാലത്തെപോലെ കോടതി സജ്ജീകരിച്ചിരിക്കുകയാണിവിടെ. കാലാകാലങ്ങളിൽ മാറ്റം വന്ന ഇരിപ്പിടങ്ങൾ, താളിയോലകൾ, അളവുതൂക്ക സംവിധാനങ്ങൾ, പഞ്ചിങ്ങിന് ഉപയോഗിക്കുന്ന വ്യത്യസ്‌ത വലുപ്പത്തിലുള്ള ഉപകരണങ്ങൾ തുടങ്ങി ഇന്ന് ഉപയോഗത്തിലില്ലാത്തവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. സർക്കീട്ട് ജഡ്‌ജിമാർ 1792ലാണ് വടക്കെ മലബാർ പ്രവിശ്യയുടെ ആസ്ഥാനമായ തലശേരിയിൽ പ്രത്യേക ജുഡീഷ്യൽ അധികാരം നൽകി കോടതികൾ സ്ഥാപിതമായതെന്ന് രേഖകൾ. തുടക്കത്തിൽ മൂന്ന് ജഡ്‌ജിമാരടങ്ങിയ പ്രവിശ്യാകോടതിയായിരുന്നു. അതിൽ രണ്ടുപേർ സഞ്ചരിക്കുന്ന സർക്കീട്ട് ജഡ്‌ജിമാരായിരുന്നു. വില്യം ഗാമുൾഫാർമർ ആയിരുന്നു നീതിനിർവഹണ ചുമതല നിർവഹിച്ചത്.
1816ലാണ് തലശേരിയിൽ ഡിസ്‌ട്രിക്ട് മുൻസിഫ് കോടതി നിലവിൽ വന്നത്. 1845ൽ പഴയ കോടതികളെല്ലാം നിർത്തി സിവിൽ ആൻഡ് സെഷൻസ് കോടതി, പ്രിൻസിപ്പൽ സാദർ ആമീൻ കോടതി എന്നിവ നിലവിൽ വന്നു. 1873ൽ ഇവയുടെ പേരുകൾ യഥാക്രമം ഡിസ്‌ട്രിക്ട് ആൻഡ് സെഷൻസ് കോടതി, പ്രിൻസിപ്പൽ സബോർഡിനേറ്റ് കോടതി എന്നായും മാറ്റി. റിക്കാർഡ്‌സ് റൂം നീതിന്യായ വ്യവസ്ഥയുടെ ചരിത്രമുറങ്ങുന്ന റിക്കാർഡ് റൂം, നീതിനിർവഹണ വ്യവസ്ഥയുടെ പ്രധാനകണ്ണിയായ ഉത്തരവുകൾ നടപ്പാക്കുന്ന നജാർ ഓഫീസ് എന്നിവയെല്ലാം അതുപോലെ സംരക്ഷിക്കും. ചരിത്രപ്രധാനമായ ആർക്കൈവ്‌സുകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കേസുകൾ വാദിക്കാൻ വക്കീലോ നേരിട്ടുള്ള വാദമോ ഇല്ലാതെ വിചാരണ നടന്നതായും വധശിക്ഷ വിധിക്കപ്പെട്ടതുമായ രേഖകൾ ഇവിടെയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ജഡ്‌ജിമാർ സ്വന്തം കൈയക്ഷരത്തിൽ എഴുതിയ വിധികളും ഇവിടെ സൂക്ഷിക്കുന്നുണ്ട്.










0 comments