അവസരവാദികളെക്കൊണ്ട് എൽഡിഎഫിനെ നേരിടാമെന്നത് വ്യാമോഹം: മുഖ്യമന്ത്രി

കെ എൻ ബാലഗോപാലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ
കൊട്ടാരക്കര: അവസരവാദരാഷ്ട്രീയത്തിന്റെ മൂർത്തിഭാവങ്ങളെ ജനം തിരസ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊട്ടാരക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റ പ്രഗത്ഭനായ ധനമന്ത്രിയാണ് ബാലഗോപാൽ. നല്ല മികവോടെ ധനകാര്യവകുപ്പ് കൈകാര്യം ചെയ്യാൻ ബാലഗോപാലിനായി. ബാലഗോപാലിന്റെ സ്ഥാനാർഥിത്വം ജനങ്ങൾ വൻതോതിൽ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ എതിരാളികൾ ദയനീയാവസ്ഥയിലാണ്. അവസരവാദത്തിന്റെ മൂർത്തിഭാവങ്ങളെ കൊണ്ടുവന്ന് എൽഡിഎഫിനെ നേരിട്ടുകളയാമെന്നത് കേവലം വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളോടൊപ്പം ചേർന്നാണ് എൽഡിഎഫ് സർക്കാർ ഇക്കാലയളവിൽ പ്രവർത്തിച്ചത്. ആ ഒരുമയും ഐക്യവുമാണ് അസാധ്യമായത് ഒന്നുമില്ല എന്ന അവസ്ഥ കേരളത്തിൽ സൃഷ്ടിച്ചത്. അതേ രീതിയിൽതന്നെ ജനങ്ങളിൽ വിശ്വാസമർപ്പിച്ചാണ് ഈ തെരഞ്ഞെടുപ്പിനെയും നേരിടുന്നത്. ഇടതുപക്ഷത്തിനോടൊപ്പമാണ് ജനങ്ങൾ എന്നതിൽ ഒരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എ മന്മഥൻനായർ അധ്യഷനായി. സ്ഥാനാർഥി കെ എൻ ബാലഗോപാൽ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് രാജേന്ദ്രൻ, കെ രാജഗോപാൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, പി എ എബ്രഹാം, ഏരിയ സെക്രട്ടറിമാരായ പി കെ ജോൺസൻ, ജെ രാമാനുജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ആർ അരുൺ ബാബു, ജി സുന്ദരേശൻ, ബിജു കെ മാത്യു, വി സുമലാൽ, സൂസൻ കോടി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജഗദമ്മ, മണ്ഡലം സെക്രട്ടറിമാരായ എസ് രഞ്ജിത്, ആർ മുരളീധരൻ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ ഷാജു, കെ പ്രഭാകരൻനായർ, ജി മുരുകദാസൻനായർ, മാത്യു സാം, സി ആർ രാമവർമ, പി ചന്ദ്രഹാസൻ, ഇരുമ്പനങ്ങാട് ബാബു എന്നിവർ സംസാരിച്ചു.










0 comments