"ഇതിനും തുരങ്കംവെക്കാൻ ശ്രമിച്ചവരുണ്ട്, പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തി; പക്ഷേ, തടയാനാകാത്തവിധം കുതിക്കുന്നു"

തിരുവനന്തപുരം: എല്ലാ പ്രതിസന്ധികളെയും മറികടന്ന് കേരളത്തിന്റെ മുന്നേറ്റത്തിനായുള്ള ഏറ്റവും പുതിയ ചുവടുവയ്പുകളിലൊന്നാണ് വയനാട് തുരങ്കപാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലരും പല രീതിയിൽ ഈ പദ്ധതി തടയാൻ ശ്രമിച്ചു. ഈ വികസനക്കുതിപ്പിന് 'തുരങ്കം വെക്കാൻ' ശ്രമിച്ചവരുണ്ട്. എന്നിട്ടും ,തടഞ്ഞു നിർത്താനാകാതെ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമാണത്തിൻ്റെ പുതിയ ഘട്ടത്തിലേയ്ക്ക് കുതിക്കുകയാണ്. വയനാട്ടുകാരുടെ യാത്ര ദുരിതങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് തുരങ്കപാതയുടെ ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമത്തിൽ കേരളമാകെ മുഴങ്ങിക്കേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ഏറ്റവും നീളമേറിയതും ഇന്ത്യയിലെ മൂന്നാമത്തെ വലിയതുമായ തുരങ്കപാതയാണ് 2,143 കോടി രൂപയുടെ കിഫ്‌ബി നിക്ഷേപത്തിൽ ഒരുങ്ങുന്ന ഈ മഹാപദ്ധതി. മലബാറിന്റെ വ്യാപാര-വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ ഈ പദ്ധതി സഹായകമാകും.
ലോകം മുഴുവൻ കൈയടിച്ച മുണ്ടക്കൈ - ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ, കഴിഞ്ഞ പത്തു വർഷം സർക്കാരും ഈ നാടും ഒറ്റക്കെട്ടായി ആ പ്രതിബന്ധങ്ങളെല്ലാം മറികടന്നു മുന്നോട്ടു പോവുകയാണുണ്ടായത്. ആ മുന്നേറ്റത്തിലെ ഏറ്റവും പുതിയ ചുവടുവയ്പുകളിലൊന്നാണ് ഈ തുരങ്കപാത. ഏറ്റവും മികച്ച രീതിയിൽ തുരങ്കപാത പൂർത്തികരിക്കാനായി നാടൊന്നാകെ കൈകോർത്തു പോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വടക്കൻ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തുന്ന വയനാട് തുരങ്കപാതയെ ഏത് വിധേനയും തടയുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ പാരിസ്ഥിതികാനുമതിയടക്കം സ്വന്തമാക്കി സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴാണ് സതീശൻ പദ്ധതിയെ എതിർത്ത് മുന്നിൽ നിന്നത്. തുരങ്കപാതയ്ക്ക് തുരങ്കംവയ്‌ക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ അതിജീവിച്ചാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
അപ്രോച്ച് റോഡടക്കം 8.73 കിലോ മീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. ഇതില്‍ ആനക്കാംപൊയിൽ മറിപ്പുഴ മുതല്‍ വയനാട് കള്ളാടി മീനാക്ഷിപ്പാലംവരെ 8.735 കിലോ മീറ്ററാണ് തുരങ്കപാത.










0 comments