ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വർഗീയ വാദികൾ; നാലുവോട്ടിനായി കോൺഗ്രസിന് അവരിപ്പോൾ തങ്കക്കുടം

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ തള്ളിക്കളയുന്ന നിലപാടായിരുന്നു മുൻപ് യുഡിഎഫിന് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നാല് വോട്ടിനായി തങ്കക്കുടമായാണ് വർഗീയവാദികളെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരുന്ന സമയത്ത് ജമാഅത്തെ ഇസ്ലാമി പ്രവർത്തനങ്ങളും ഫണ്ട് വരുന്ന വഴികളും ആശയങ്ങളും സംബന്ധിച്ച് സർക്കാർ 2014 ജനുവരി 28ന് ഇക്കൂട്ടർ നിയമവിരുദ്ധ പ്രസ്ഥാനമാണെന്ന് അവതരിപ്പിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 1957ൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ജമാഅത്തെയുടെ ഭരണഘടന രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ് എന്നുള്ള പരാമർശമൊക്കെ റിപ്പോർട്ടിൽ യുഡിഎഫ് സർക്കാർ നൽകി. സംഘടനയുടെ പ്രവർത്തനത്തെ സർക്കാർ നിരീക്ഷിക്കുകയാണെന്നും അതിലുണ്ടായിരുന്നു.
എന്നാൽ ഇന്നിപ്പോൾ ജമാഅത്തെ യുഡിഎഫിന് തങ്കക്കുടങ്ങളാണ്. നാല് വോട്ടിന് വേണ്ടി നിലപാടിലും പ്രത്യേയശാസ്ത്രത്തിലും യുഡിഎഫ് വെള്ളം ചേർത്തു. ജമാഅത്തെ ഇസ്ലാമി അന്നും ഇന്നും ഒരേപോലെയാണ്. അവരുടെ രീതികൾ മാറിയിട്ടില്ല. മാറിയത് കോൺഗ്രസാണ്. ജമാഅത്തെ കറകളഞ്ഞ വർഗീയ വാദികളാണ് എന്നാണ് സിപിഐ എമ്മിന്റെ അന്നത്തെയും ഇന്നത്തെയും നിലപാട്. എകെജി സെന്ററിൽ ഇങ്ങോട്ട് ആവശ്യപ്പെട്ട് കാണാനെത്തിയവരുടെ കൂടെ സോളിഡാരിറ്റി പ്രവർത്തകരെ കണ്ട് അവരുടെ മുഖത്ത് നോക്കി സാമൂഹിക വിരുദ്ധരെന്ന് വിളിച്ചിട്ടുണ്ട്. അതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ആരും ജമാമത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ ശ്രമിക്കേണ്ട, അവരങ്ങനെ ശരിയാകുന്നവരല്ല. മത തീവ്രവാദമാണ് അവരുടെ ലക്ഷ്യം. സെക്കുലറായ മതവിശ്വാസികൾ ഇവരെ എതിർക്കുന്നുണ്ട് എന്നതാണ് വാസ്തവം. ലീഗിന്റെ നേതാക്കൾ ജമാഅത്തെക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള മത്സരത്തിലാണ്. എങ്ങനെയെങ്കിലും കുറച്ച് വോട്ട് പിടിക്കണമെന്നതാണ് ലക്ഷ്യം. 1996ലെ ദേശാഭിമാനി എഡിറ്റോറിയലിൽ ജമാഅത്തെ ഇസ്ലാമിയെ അടയാളപ്പെടുത്തുന്നത് കൃത്യമായാണ്. ലോകത്തുണ്ടാകുന്ന വിവിധ വിഷയങ്ങളിൽ മതത്തിൽ മാത്രം ഊന്നിനിന്നുകൊണ്ട് മാത്രം വീക്ഷിക്കുന്നവരാണ് ഇവർ എന്നായിരുന്നു എഡിറ്റോറിയൽ - മുഖ്യമന്ത്രി പറഞ്ഞു.
പാർടി കോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പടെ ഉള്ള വേദിയിൽ പങ്കെടുത്തതിനാണ് സമുന്നതനായ നേതാവ് കെ വി തോമസിനെതിരെ കോൺഗ്രസ് നടപടിയെടുത്തത്. ഇന്നിപ്പോൾ വർക്കിംഗ് കമ്മിറ്റി അംഗമായ ശശിതരൂർ ചെയ്യുന്ന കാര്യങ്ങൾ അവർ കാണുന്നതേയില്ല. എന്താ വേണ്ടതെന്ന് അവർ ആലോചിക്കട്ടെ- ശശി തരൂർ വിഷയത്തിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചു.










0 comments