ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു: 300 ലധികം റോഡുകൾ അടച്ചിട്ടു

himachal cloud burst
വെബ് ഡെസ്ക്

Published on Aug 14, 2025, 09:24 AM | 1 min read

ഷിംല: ഹിമാചൽ പ്രദേശിലെ ഋഷി ഡോഗ്രി താഴ്‌വരയിൽ മേഘവിസ്ഫോടനം. കിന്നൗറിൽ മിന്നൽ പ്രളയമുണ്ടായി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ സത്‍ലജ് നദിക്ക് കുറുകെയുള്ള പാലം മുങ്ങി. ഷിംല, ലാഹൗൾ, സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കമുണ്ടായതോടെ രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു.


ഗാൻവി റാവിനിലെ ഒരു പൊലീസ് ഔട്ട്പോസ്റ്റ് ഒലിച്ചുപോയി. ഷിംല ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഒരു ബസ് സ്റ്റാൻഡും സമീപത്തെ കടകളും തകർന്നു. രണ്ട് പാലങ്ങൾ ഒലിച്ചുപോയി. ജില്ലയിലെ കൂട്ട്, ക്യാവ് പഞ്ചായത്തുകൾ ഒറ്റപ്പെട്ടു. പ്രദേശത്ത് ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദിവാസി മേഖലയായ ലഹൗൾ, സ്പിതി ജില്ലയിലെ മായാദ് താഴ്‌വരയിലുള്ള കർപത്, ചാംഗുട്ട്, ഉദ്‌ഗോസ് നാല എന്നിവിടങ്ങളിൽ മേഘസ്‌ഫോടനത്തിന് തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പാലങ്ങൾ ഒലിച്ചുപോയി. കൃഷിഭൂമികൾക്ക് നശാനഷ്ടമുണ്ടായി.



ബുധനാഴ്ച വൈകുന്നേരം കുളു ജില്ലയിലെ ശ്രീഖണ്ഡ് ഹില്ലിൽ മേഘസ്ഫോടനമുണ്ടായി. തുടർന്ന് കുർപാൻ മലയിടുക്കിൽ വെള്ളപ്പൊക്കമുണ്ടായി. ബാഗിപുൾ മാർക്കറ്റ് ഉടൻ തന്നെ ഒഴിപ്പിച്ചു. മലയിടുക്കിന്റെ തീരങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 325 റോഡുകൾ അടച്ചിട്ടു. ഇതിൽ 179 റോഡുകൾ മാണ്ഡി ജില്ലയിലും 71 എണ്ണം കുളു ജില്ലയിലുമാണ്.


മിന്നൽ പ്രളയത്തിൽ വിവിധ പ്രദേശങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. സൈന്യത്തിന്റെ നേത‍ൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. കിന്നൗർ പൊലീസ് സൂപ്രണ്ടിന്റെ അടിയന്തര അറിയിപ്പിനെത്തുടർന്ന് സൈന്യം ഉടൻ തന്നെ മാനുഷിക സഹായ, ദുരന്ത നിവാരണ (എച്ച്എഡിആർ) സംഘത്തെ നിയോഗിച്ചു. രാത്രി വൈകിയും പ്രദേശത്ത് തിരച്ചിൽ തുടർന്നു. പ്രദേശത്ത് കുടുങ്ങിക്കിടന്ന നാല് സാധാരണക്കാരെ കണ്ടെത്തി. ഇവരെ സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറ്റി. ഒരാൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ റെക്കോംഗ് പിയോയിലെ റീജിയണൽ ആശുപത്രിയിലേക്ക് മാറ്റി.


ജൂൺ 20ന് മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തിന് 2031 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹിമാചലിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 126 പേർ മരിച്ചു. 36 പേരെ കാണാതായി.







deshabhimani section

Related News

View More
0 comments
Sort by

Home