print edition ഹർത്താലിന്റെ മറവിൽ സംഘർഷം: 91 പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഎസ് വിദ്യാർഥി നിധിൻരാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ആഹ്വാനംചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം. ഹർത്താലിന്റെ മറവിൽ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 22 കേസുകൾ രജിസ്‌റ്റർ ചെയ്തു. 91 പേർ അറസ്റ്റിലായി.
തിരുവനന്തപുരം ജില്ലയിൽ കണിയാപുരത്തും പള്ളിപ്പുറത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. വ്യപാര സ്ഥാപനങ്ങൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനിയറിങ് പ്രവേശനപരീക്ഷ എഴുതാൻ പോകാനെത്തിയ വിദ്യാർഥികളെ തടഞ്ഞു. ആർസിസിയിലേക്കും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പോകാനെത്തിയ രോഗികളെയും തടഞ്ഞതോടെ മംഗലപുരം പൊലീസ് ഇടപെട്ടു. പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി. കണിയാപുരത്ത് കെഎസ്ആർടിസി ഡിപ്പോയ്ക്കുമുമ്പിൽ ബസുകൾ തടത്തത് സംഘർഷത്തിലെത്തി.
ആലപ്പുഴ ജില്ലയിലെ മാന്നാറിൽ കട അടയ്‌ക്കാത്തതിന് ഉടമയെ പൂട്ടിയിട്ടു. പെറ്റ് ഷോപ്പ് ഉടമയായ അനിലിനെയാണ് കടയ്‌ക്കുള്ളിലാക്കി പൂട്ടിയത്. പൊലീസ് എത്തി രക്ഷിച്ചു. മാന്നാർ പൊലീസ് കേസെടുത്തു.
സ്വമേധയാ കേസെടുത്ത് ഹെെക്കോടതി
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ ഹെെക്കോടതി സ്വമേധയാ കേസെടുത്തു. രോഗികളുമായിപോയ വാഹനങ്ങൾവരെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്.
ഹർത്താൽ ജനജീവിതത്തെ ബാധിച്ചതായും ഇക്കാര്യത്തിൽ വിശദീകരണം നൽകാനും ജസ്റ്റിസ് ബസന്ത് ബാലാജി, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യം നടത്തിയതായും വിലയിരുത്തി. തിരുവല്ലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ അർബുദരോഗിയെ തടഞ്ഞതും തിരുവനന്തപുരത്ത് കീം, വിഐടി എൻട്രൻസ് പരീക്ഷ എന്നിവയെഴുതാൻ ചില വിദ്യാർഥികൾക്ക് സാധിക്കാതിരുന്നതുമാണ് കോടതി പരിശോധിച്ചത്.
അതിക്രമവുമായി ബന്ധപ്പെട്ട് 22 കേസ് എടുത്തതായും 91 പേർ അറസ്റ്റിലായതായും സർക്കാർ കോടതിയെ അറിയിച്ചു. പലയിടത്തും പൊലീസ് ഇടപെട്ട് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായും അറിയിച്ചു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി നോട്ടീസ് അയക്കാൻ ഹൈക്കോടതി രജിസ്ട്രിയോടും നിർദേശിച്ചു.










0 comments