മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം അന്വേഷിക്കണം: സിഐടിയു

തിരുവനന്തപുരം: കൊച്ചിയിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ് എന്ന മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം അന്വേഷിക്കണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥാപനത്തിലെ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതെിന് പിന്നൊലെയാണ് സിഐടിയുവിന്റെ പ്രസ്‌താവന. ഉബൈദ് എന്ന ഉദ്യേഗസ്ഥൻ ജീവനക്കാരെ കൊണ്ട് അവരുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് അർധ നഗ്നനാക്കി, നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്നത് ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്ഥാപനത്തിലെ ഉബൈദ് എന്ന ഉദ്യേഗസ്ഥൻ സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കെതിരെ നടത്തിയ അതിക്രമങ്ങൾ ഇതിന് മുമ്പും പരാതികൾ ആയിട്ടുണ്ട്. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേട്ടുകേൾവിയില്ലാത്ത തൊഴിൽപീഡനങ്ങൾ നടമാടുകയാണ്. ബെൽറ്റ് കഴുത്തിൽ കെട്ടി നഗ്നനാക്കി തൊഴിലാളിയെ നായയെപ്പോലെ കൊണ്ട് നടന്ന് ആസ്വദിക്കുന്ന കാഴ്‌ച ഞെട്ടിപ്പിക്കുന്നതും ക്രൂരവുമാണ്. ഇത്തരം സ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തിപ്പിക്കുവാൻ സർക്കാർ അനുവദിക്കരുത്.– സിഐടിയു പ്രസ്‌താവനയിൽ പറയുന്നു.
ടാർഗറ്റ് നിശ്ചയിച്ച് അഭ്യസ്ഥവിദ്യരായ തൊഴിലാളികളെപോലും മാനസിക സമ്മർദത്തിലേക്ക് തള്ളി മരണത്തിലേക്ക് നയിച്ച റിപ്പോർട്ടുകൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ജോലി പോകുമെന്ന ഭീഷണിയാണ് പലപ്പോഴും പരാതികൾ വരാത്തതിന്റെ കാരണം. പൊതുമേഖല ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ഉദ്യോഗസ്ഥർ കൊച്ചി ഓഫീസിൽ നടത്തിയ പീഡനവും പ്രതികാര നടപടികളും ഈയിടെ വലിയ വാർത്തയായിരുന്നു. സിഐടിയുവും ബെഫിയും ഏറ്റെടുത്ത പ്രതിഷേധം തുടരുകയാണ്.
എണസ്റ്റ് ആന്റ് യങ് എന്ന സ്ഥാപനത്തിൽ മാനസിക പീഡനത്തെ തുടർന്നാണ് അന്ന സെബാസ്റ്റ്യൻ എന്ന ഒരു ജീവനക്കാരി മരിക്കാനിടയായത്. ഇത്തരം മാനേജ്‌മെന്റുകളെ നിലക്ക് നിർത്തേണ്ടത് ആവശ്യമാണ്. മാതൃകാ തൊഴിൽ പെരുമാറ്റ ചട്ടം ഇല്ലാത്ത ഒരു സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിക്കേണ്ടതില്ല എന്ന നില സ്വീകരിക്കാൻ അധികാരികൾ മടിക്കരുത്. കൂടുതൽ ശക്തമായ പ്രതിഷേധം ഇനിയും ഉയർത്തി കൊണ്ടുവരണം. പ്രസ്‌താവനയിലൂടെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ, ജനറൽ സെക്രട്ടറി എളമരം കരീം എന്നിവർ ആവശ്യപ്പെട്ടു.










0 comments