ad
Deshabhimani

print edition കടലിന്റെ മക്കൾക്ക് പുഞ്ചിരിയുടെ തിരുപ്പിറവി; മുട്ടത്തറയിലെ പ്രത്യാശ ഫ്ലാറ്റിൽ ആദ്യ ക്രിസ്‌മസ്‌ ആഘോഷം

Muttathara Flat

മുട്ടത്തറ പുനർഗേഹം ഫ്ളാറ്റിലെ താമസക്കാർ ആദ്യ ക്രിസ്മസ് തലേന്ന് ഒത്തുചേർന്ന് ആഹ്ലാദനൃത്തം ചെയ്യുന്നു | ഫോട്ടോ: എ ആർ അരുൺരാജ്

avatar
വൈഷ്‌ണവ്‌ ബാബു

Published on Dec 25, 2025, 10:10 AM | 1 min read

തിരുവനന്തപുരം: മുട്ടത്തറയുടെ ആകാശത്ത്‌ നക്ഷത്രങ്ങൾക്ക് കൂടുതൽ തിളക്കം. മഞ്ഞുപെയ്യുന്ന ഡിസംബർ രാവിന്റെ തണുപ്പിനെ അലിയിച്ചുകളയുന്ന ഊഷ്മളമായ ചിരികളുയർന്നു. ഉള്ളിൽ ഓർമകളുടെ കടലിരമ്പമുണ്ടെങ്കിലും ഡിജെ സംഗീതവും കുട്ടികളുടെ ആർപ്പുവിളികളും മുട്ടത്തറയിലെ ‘പ്രത്യാശ’ ഫ്ലാറ്റ് സമുച്ചയത്തെ ഉത്സവപ്പറമ്പാക്കി. ‘ഇത് വെറുമൊരു ആഘോഷമല്ല; പേടിസ്വപ്നങ്ങളിൽനിന്ന് സുരക്ഷിത തീരത്തേക്ക് കുടിയേറിയ ജനതയുടെ അതിജീവനത്തിന്റെ ആദ്യ ക്രിസ്മസ് പാട്ടാണ്’ – ഡാൻസ്‌ ചെയ്യുന്നതിനിടെ ഒരുകൂട്ടം യുവാക്കൾ ദേശാഭിമാനിയോട്‌ പറഞ്ഞു.


കടലാക്രമണത്തിന്റെ ഭീതിയിൽ ഒറ്റമുറി വീടിന്റെ തണുപ്പിൽ ഒരുകാലത്ത് ചുരുണ്ടുകൂടിയിരുന്ന 332 കുടുംബങ്ങൾ ഇന്ന് ഉറങ്ങുന്നത് കോൺക്രീറ്റിന്റെ കരുത്തുള്ള സുരക്ഷിത ചുവരുകൾക്കുള്ളിലാണ്. കടലാക്രമണ ഭീഷണിയിൽകഴിയുന്നവരെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് പുനർ​ഗേഹം പദ്ധതി വഴി സർക്കാർ നിർമിച്ചതാണ്‌ ഇ‍ൗ ഫ്ലാറ്റുകൾ.


താൽക്കാലിക റസിഡന്റ്‌സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്കുമുന്നേ ക്രിസ്‌മസ്‌ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഓരോ വീട്ടിൽനിന്നും ചെറിയ തുകകൾ സ്വരുക്കൂട്ടിയാണ്‌ ആഘോഷത്തിന്‌ തിരികൊളുത്തിയത്‌. മുതിർന്നവർ ഡിജെ ഡാൻസിന്റെ താളത്തിൽ ചുവടുവയ്‌ക്കുമ്പോൾ കുട്ടിക്കൂട്ടങ്ങൾ നാരങ്ങാക്കളിയിലും കസേരകളിയിലും മറ്റും വാശിയോടെ പങ്കുചേർന്നു. സൈക്കിൾ സ്ലോ റെയ്‌സിലും വടംവലിയിലും വിജയിക്കാൻ വാശിയോടെ പരിശ്രമിക്കുന്ന കുട്ടികളുടെ മുഖത്തെ ചിരിക്ക് കടലിനേക്കാൾ ആഴം. കലമുടയ്ക്കലും തൊപ്പിക്കളിയും രാത്രി വൈകിയും നീണ്ട പരിപാടികൾക്ക് നിറമേകി.


ആഗസ്ത്‌ ഏഴിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കടലിന്റെ മക്കൾക്ക്‌ ഫ്ലാറ്റ്‌ കൈമാറിയത്‌. പ്രത്യാശയെന്ന്‌ പേരിട്ട വീടുകളിൽ എത്തിയതിനുശേഷമാണ്‌ അവരുടെ പ്രശ്നങ്ങൾക്ക്‌ അറുതിയായത്‌. തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്റർ പരിധിക്കുള്ളിൽ കടലാക്രമണ ഭീഷണിയിൽ കഴിയുന്നവരെയാണ് പുനർഗേഹത്തിൽ പുനരധിവസിപ്പിച്ചത്. 2450 കോടി രൂപയാണ് ഫ്ലാറ്റ്‌ നിർമാണത്തിനായി സർക്കാർ അനുവദിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home