പിടിഎ ഫണ്ട് അടയ്ക്കാത്തതിന് വിദ്യാർഥിയെ ഉപദ്രവിച്ച സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

ഒറ്റപ്പാലം: പിടിഎ ഫണ്ട് അടച്ചില്ലെന്ന കാരണത്താൽ വിദ്യാർഥിനിയെ സഹപാഠികൾക്ക് മുൻപിൽവെച്ച് അധ്യാപിക അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലവകാശ കമീഷൻ സ്വമേധാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.
ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂൾ വിദ്യാർഥിനിയാണ് മർദനത്തിനിരയായത്. പിടിഎ ഫണ്ട് അടച്ചില്ലെന്ന കാരണത്താൽ കുട്ടികളുടെ മുൻപിൽവെച്ച് വിദ്യാർഥിനിയെ അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതിനു പിന്നാലെ കുട്ടി ക്ലാസ് മുറിയിൽ ബോധരഹിതയായി വീണിരുന്നു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അധ്യാപികയായ സിന്ധു തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
അധ്യാപികയ്ക്കെതിരെ പരാതി നൽകിയതിനു പിന്നാലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്റഫ് ഭീഷണി ഉയർത്തിയിരുന്നു. അധ്യാപികയോട് മാപ്പ് പറഞ്ഞ് അവർക്കെതിരെ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ, വിദ്യാർഥിനിക്കെതിരെ കേസ് വരുമെന്നുമായിരുന്നു ഭീഷണി.








0 comments