അന്ന് നാരങ്ങാവെള്ളം, ഇന്ന് മയിൽപീലി: ആർഎസ്എസ് അജണ്ട സർക്കാരിലൂടെ നടപ്പിലാക്കുന്നു; എം ബി രാജേഷ്

എം ബി രാജേഷ് മാധ്യമങ്ങളെ കാണുന്നു
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭകാലത്ത് ആർഎസ്എസിന് നാരങ്ങാവെള്ളം കലക്കി കൊടുത്ത ലീഗുകാർ ഇന്ന് മയിൽപീലി ചൂടി നിൽക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ്. പൊതുവിദ്യാഭ്യാസത്തിലും, ഉന്നത വിദ്യാഭ്യാസ മേഖലയിലും ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ സർക്കാരിനെ നയിക്കുന്നത് സതീശന്റെ ശരീരവും സവർക്കറുടെ ആത്മാവും പ്രത്യയശാസ്ത്രങ്ങളുമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.
ആദ്യമായിട്ട് ആർഎസ്എസുകാരനെ വൈസ് ചാൻസലറാക്കിയത് യുഡിഎഫ് ഭരണത്തിലാണ്. ഡോ. ഡി മാവൂത്തിനെയാണ് എം ജി സർവകലാശാലയിൽ വൈസ് ചാൻസലറാക്കിയത്. കഴിഞ്ഞ ദിവസം എം ജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് കാലടിയിലെ വിദ്യാർഥികളോട് മാപ്പ് എഴുതി നൽകാൻ ആവശ്യപ്പെട്ടത്.
ആർഎസ്എസ് അജണ്ടയ്ക്ക് പൂർണ പിന്തുണ നൽകുന്നത് ഉന്നത വിദ്യഭ്യാസ മന്ത്രിയാണ്. ഇപ്പോൾ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആർഎസ്എസിന്റെ സ്കോളർഷിപ്പ് പരിപാടി നടത്താൻ ഉത്തരവ് വന്നു. സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളും ആർഎസ്എസിനു തുറന്നു കൊടുക്കാനുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ മന്ത്രി അറിയാതെ വരുമോ ? മറ്റ് മന്ത്രിമാരെ പോലെ സ്വന്തം വകുപ്പിൽ നടക്കുന്നതൊന്നും പൊതുവിദ്യാഭ്യാസ മന്ത്രിയും അറിയുന്നില്ലേ എന്നും എം ബി രാജേഷ് ചോദിച്ചു.
ആർഎസ്എസിന്റെ പ്രതിനിധിക്ക് ദേശീയ അധ്യാപക ക്ഷേമ ബോർഡിൽ നിയമനം കൊടുത്തതും നാമനിർദേശം ചെയ്തതും ആർഎസ്എസിന്റെ പ്രതിനിധിയെ സ്കൂൾ കരിക്കുലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും ഇതേ വിദ്യാഭ്യാസ വകുപ്പാണ്. വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം യുഡിഎഫിനെ ഉപയോഗിച്ച് ആർഎസ്എസ് നടപ്പാക്കുന്നു. ഈ വേളയിൽ, 10 കൊല്ലം ഞങ്ങൾക്ക് നടപ്പാക്കാൻ കഴിയാതെ പോയ കാര്യങ്ങൾ നടത്താനാണ് ഞങ്ങൾ യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചതെന്ന ബിജെപി നേതാവായ കെ സുരേന്ദ്രന്റെ വാക്കുകളും കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്.
ആർഎസ്എസ് അജണ്ട യുഡിഎഫ് സർക്കാരിലൂടെ നടപ്പിലാക്കുന്നതുകൊണ്ടാണ് സർക്കാരിനെതിരെ ഒരു വിമർശനവും ബിജെപി ഉയർത്താതെന്നും എം ബി രാജേഷ് പറഞ്ഞു. എന്താണോ ബിജെപി-ആർഎസ്എസ് അജണ്ട അത് കാര്യക്ഷമമായിട്ട് നടപ്പാക്കി കൊടുക്കുകയാണ്. അപ്പോ ബിജെപിക്ക് വിമർശിക്കേണ്ട കാര്യമില്ല. സർക്കാരിനെതിരെയുള്ള വിമർശനം വരുന്നത് കോൺഗ്രിസൽ നിന്നുമാണ്. യുഡിഎഫ് കൺവീനർ, കെപിസിസി പ്രസിഡന്റ്, രാജ്മോഹൻ ഉണ്ണിത്താൻ, എം എം ഹസൻ തുടങ്ങി എല്ലാവരും അതൃപ്തി അറിയിക്കുമ്പോഴാണ് ബിജെപി മൗനം പാലിക്കുന്നത്. സ്വന്തം പാർടിയെ വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിലും ബിജെപിയെ വിശ്വാസത്തിൽ എടുത്താണ് ആർഎസ്എസിനെ വിശ്വാസത്തിലെടുത്താണ് സതീശൻ സർക്കാർ മുൻപോട്ടു പോകുന്നതെന്നും എം ബി രാജേഷ് പറഞ്ഞു








0 comments