അരൂർ–തുറവൂർ ഉയരപ്പാത; നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതയാത്ര

അരൂർ: അരൂർ–തുറവൂർ ഉയരപ്പാത നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതയാത്രയ്ക്ക് അറുതിയില്ല. ദേശീയപാതയോരത്ത് രൂക്ഷമായ പൊടിശല്യവും തകർന്ന സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്കും ജനജീവിതം ദുസ്സഹമാക്കുന്നു. ഉയരപ്പാതയുടെ 94 ശതമാനം നിർമാണം പൂർത്തിയായെങ്കിലും അവശേഷിക്കുന്ന ജോലികൾ ഇഴയുന്നതും സർവീസ് റോഡുകളുടെ ശോച്യാവസ്ഥയും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
അപ്രോച്ച് റോഡുകളിലെ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന ചെളിയും കായൽമണലും വെയിലേറ്റ് ഉണങ്ങുന്നതാണ് പൊടിശല്യത്തിന് പ്രധാന കാരണം. തകർന്ന സർവീസ് റോഡുകളിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുകയാണ്. പൊടി നിയന്ത്രിക്കാൻ നിർമാണക്കമ്പനി കൃത്യമായി വെള്ളം തളിക്കാത്തതും ദുരിതം വർധിപ്പിക്കുന്നു. സർവീസ് റോഡുകളിൽ വെള്ളം തളിക്കണമെന്നും കുഴികൾ അടച്ച് ടാറിങ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
13.23 കിലോമീറ്റർ നീളമുള്ള ഉയരപ്പാതയുടെ നിർമാണം 2027 ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ തുറവൂർ ജങ്ഷനിലെ അപ്രോച്ച് റോഡ് നിർമാണമടക്കമുള്ള അനുബന്ധ ജോലികൾ പൂർത്തിയാക്കാൻ 2027 മാർച്ച്–ഏപ്രിൽ വരെ വേണ്ടിവന്നേക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. നിർമാണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരുമ്പോൾ പൊടിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.








0 comments