യുപി തെരഞ്ഞെടുപ്പ്; പിറവിയെടുത്ത പുതിയ സഖ്യം


വി ബി പരമേശ്വരൻ
Published on Nov 15, 2026, 06:02 PM | 3 min read
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് മുഴങ്ങവെ ഉത്തർ പ്രദേശിൽ പുതിയ ഒരു സഖ്യം കൂടി പിറവിയെടുത്തിരിക്കുന്നു. സമാജിക് പരിവർത്തൻ മോർച്ച (സാമൂഹ്യ മാറ്റ മുന്നണി) എന്ന പേരിലുള്ള സഖ്യത്തിൽ ഹൈദരാബാദിൽ നിന്നുള്ള ലോകസഭാംഗം അസദുദ്ദീൻ ഒവൈസി നേതൃത്വം നൽകുന്ന എഐഎംഐഎമ്മും പശ്ചിമ യുപിയിലെ നഗീനയിൽ നിന്നുള്ള ലോകസഭാംഗം ചന്ദ്രശേഖർ ആസാദ് എന്ന രാവൺ നേതൃത്വം നൽകുന്ന ആസാദ് സമാജ് പാർട്ടി (കാൻഷിറാം)യുമാണ് കൈകോർത്തിട്ടുള്ളത്.
ഈ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചന്ദ്രശേഖർ ആസാദിനെ പ്രഖ്യാപിച്ചു. സമാജ് വാദി പാർടി നേതൃത്വം നൽകുന്ന ഇന്ത്യകൂട്ടായ്മക്കും ബി ജെ പി നേതൃത്വത്തിലുള്ള എൻഡിഎക്കും പുറമെ ഒരു "മൂന്നാംമുന്നണി"യായല്ല മറിച്ച് സാമൂഹ്യമാറ്റം ലക്ഷ്യമാക്കിയുള്ള ഒന്നാം മുന്നണിയാണിതെന്നാണ് ചന്ദ്രശേഖർ രാവൺ അവകാശപ്പെട്ടത്. ബിജെപിയെ തോൽപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമാജ്‌വാദി പാർടിയും കോൺഗ്രസും ഈ മുന്നണിയുടെ ഭാഗമാകുകയാണ് വേണ്ടതെന്നും ആസാദ് വ്യക്തമാക്കി. നവംബർ 26 ന് ലഖ്നൗവിൽ റാലി നടത്തുമെന്നും ഇവർ പ്രഖ്യാപിച്ചു.
അഖിലേഷ് യാദവ് പിഡിഎ(പിച്ച്ഡാ -ദളിത് - അൽ സംഖ്യക്) സഖ്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അതേ വിഭാഗത്തെ ലക്ഷ്യമിട്ട് മറ്റൊരു മുന്നണിക്ക് രൂപം നൽകുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പിന്നോക്ക - ദളിത് - മുസ്ലീം സമവാക്യം അഖിലേഷ് യാദവിനെ സഹായിച്ചിരുന്നു. മായാവതിയുടെ ബി.എസ്. പി ദുർബലമായതോടെ അവരുടെ പ്രധാന വോട്ട്ബാങ്കായ ജാട്ടവ് ഒഴിച്ചുള്ള ദളിതരും ന്യൂനപക്ഷവും സമാജ് വാദി പാർടിയെ പിന്തുണച്ചു. ഇതിന്റെ ഫലമായി ലോകസഭാ തെരഞ്ഞെടുപ്പിൽ 37സീറ്റ് നേടി ബിജെപി യെക്കാളും മുന്നിലെത്താനായി. 2019 ൽ 62 സീറ്റുണ്ടായിരുന്ന ബി ജെപിക്ക് 33 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. എന്നാൽ ഇരു മുന്നണിയും തമ്മിലുള്ള വോട്ട് വ്യത്യാസം 0.17 ശതമാനം മാത്രമാണ്. എൻ ഡി എക്ക് 42.69 ശതമാനവും ഇന്ത്യ കൂട്ടായ്മക്ക് 42.52 ശതമാനവും വോട്ടാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ ചെറിയ വോട്ട് ചോർച്ച പോലും ജയപരാജയങ്ങളെ നിശ്ചയിക്കാം. അതുകൊണ്ടാണ് ഇത്തരമൊരു മുന്നണിയുടെ രൂപീകരണം പ്രസക്തമാകുന്നത്.
ദളിത് - ന്യൂനപക്ഷ ( ജയ് ഭീം - ജയ് മീം) വോട്ടുകളുടെ ഏകീകരണം എസ്പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വിജയ പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നു എന്ന മട്ടിലാണ് ഗോദി മാധ്യമങ്ങൾ ഈ വാർത്തയെ ആഘോഷിച്ചത്. യു പിയിൽ 21 ശതമാനം ദളിത് വോട്ടർ മാരും 19 ശതമാനം മസ്ലീം വോട്ടർമാരുമുണ്ട്. ഇവർ പൂർണമായും കൈകോർത്താൽ 100 മണ്ഡലങ്ങളിലെങ്കിലും അവർക്ക് മറ്റാരുടെയും സഹായമില്ലാതെ ജയിക്കാൻ കഴിയും. എന്നാൽ പുതിയ സഖ്യത്തിന് ഈ വോട്ടുകളത്രയും സമാഹരിക്കുക സാധ്യമല്ല. ചന്ദ്രശേഖർ ആസാദിന്റെ പാർട്ടിക്ക് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 0.13 % മാത്രമാണ് വോട്ട് ലഭിച്ചത്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ അത് 0.58% ആയി വർധിച്ചു. നൂറ് സീറ്റിൽ മത്സരിച്ച ഒവൈസിയുടെ പാർട്ടിക്ക് 2022 ൽ ലഭിച്ചത് 0.49 % വോട്ട് മാത്രമാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ ഒവൈസി മത്സരിച്ചിരുന്നില്ല. അതായത് ഒരു ശതമാനത്തിന് അടുത്ത് മാത്രം വോട്ടുള്ള സഖ്യമാണ് മുഖ്യമന്തി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങുന്നത്. മായവതിയുടെ ജാട്ടവ് വോട്ടാണ് ചന്ദ്രശേഖറിന്റെയും പ്രതീക്ഷ. ലഖ്നൗ സർവകലാശാലയിലെ പ്രഫ. രവികാന്തിന്റെ അഭിപ്രായമനുസരിച്ച് ജാട്ടവ് ജാതിയിലെ യുവാക്കളെ ചന്ദ്രശേഖർ ആസാദ് ആകർഷിക്കുന്നുണ്ടെങ്കിലും ബിഎസ്പിയിലെ കോർ വോട്ടർമാരെ ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ബി എസ് പിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12.88 ശതമാനവും 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 9.39 ശതമാനം വോട്ടും ലഭിച്ചിരുന്നു. അതായത് 8 ശതമാനത്തിൽ കുറയാത്ത വോട്ട് ബി എസ് പി വരുന്ന തെരഞ്ഞെടുപ്പിലും നേടും.
ഇതൊക്കെയാണെങ്കിലും ആസാദിനെ പൂർണമായും തള്ളിക്കളയാനാവില്ല. 40% മുസ്ലീങ്ങളും 22% ദളിതരുമുള്ള നഗീനയിൽ 1.51 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആദേഹം ജയിച്ചത്. അവിടെ മത്സരിച്ച ബിഎസ്‍പി സ്ഥാനാർഥിക്ക് 13272 വോട്ട് മാത്രമാണ് ലഭിച്ചത്. മായാവതിയുടെ രാഷ്ട്രീയ ഇടത്തിലേക്ക് മുന്നേറാനുള്ള ശേഷി ആസാദ് പ്രകടിപ്പിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി അദ്ദേഹത്തെ കൂടെ നിർത്താൻ എസ്പിയും കോൺഗ്രസും ശ്രമിക്കാത്തത് രാഷ്ട്രീയ വിവേകമില്ലായ്മയാണെന്നാണ് ഉത്തർപ്രദേശിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ ശീതൾ പി.സിങ്ങിന്റെ അഭിപ്രായം.
ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച്, ജാട്ടവ് ഇതര ദളിത് വോട്ട് നേടാനാണ് പുതിയ സഖ്യത്തിന്റെ ശ്രമം. അതായത് പലരും സംശയിക്കുന്നതു പോലെ ബിജെപിക്കെതിരെ ഇന്ത്യ കൂട്ടായ്മക്ക് ലഭിക്കുന്ന വോട്ടിൽ വിള്ളൽ വീഴ്ത്താനാണ് പുതിയ സഖ്യത്തിന്റെ രൂപികരണം സഹായിക്കുക. തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതലക്കാരനായി അമിത്ഷായുടെ രംഗ പ്രവേശവും ഇതോടൊപ്പം കൂട്ടിവായിക്കുന്നവരുമുണ്ട്. ചിരാഗ് പാസ്വാൻ, ജെഡിയു തുടങ്ങിയ കക്ഷികളെയും ചേർത്ത് പുതിയൊരു ജാതി സമവാക്യം സൃഷ്ടിച്ച് താക്കൂർ നേതാവായ യോഗി ആദിത്യനാഥിന് പുറത്തേക്കുള്ള വഴി ഒരുക്കാനാണോ ഗുജറാത്ത് ലോബിയുടെ ശ്രമം എന്ന് സംശയിക്കുന്നവരും കുറവല്ല.







0 comments