പടന്നയിലെ ശൈശവ വിവാഹം: നാല് പേർക്കെതിരെ കേസ്

പടന്ന: കാസർകോട് പടന്ന എടച്ചാക്കൈ അഴീക്കൽ ജുമാ മസ്‌ജിദിൽ നടന്ന ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് കേസെടുത്തു. പടന്ന പഞ്ചായത്തിലെ ഇരുപത്തെട്ടുകാരനായ വരൻ, പെൺകുട്ടിയുടെ ഉപ്പ, പള്ളി ഉസ്‌താദ്, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്.
13നാണ് വലിയപറമ്പിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്‌ജിദിൽ പടന്ന സ്വദേശിക്ക് വിവാഹംചെയ്‌ത് നൽകിയത്. പെൺകുട്ടിക്ക് പ്രായ പൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസ് നേതാവും പടന്ന പഞ്ചായത്ത് അംഗവും ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയുമായ വ്യക്തിയുടെ നേതൃത്വത്തിൽ വിവാഹം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ പെൺകുട്ടി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തിക്കൊടുത്തിരുന്നില്ല. തുടർന്നാണ് വരന്റെ നാട്ടിൽ വിവാഹം നടന്നത്.
സംഭവമറിഞ്ഞ പ്രദേശത്തെ യുവാക്കൾ ശൈശവ വിവാഹമാണെന്ന് കാണിച്ച് ചൈൽഡ് ലൈന് പരാതി നൽകി. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പള്ളിയിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പള്ളി അധികൃതരോട് കാര്യങ്ങൾ ചോദിച്ചറിയുകയും രജിസ്‌റ്റർ സിസി ടിവി ക്യാമറ എന്നിവ പരിശോധിക്കുകയുംചെയ്‌തിരുന്നു.










0 comments