ഗവ പ്ലീഡർ നിയമന വിവാദം
കെഎസ്‍യു ആരാണ് അഭിപ്രായം പറയാൻ; അവർക്കൊന്നും ഒരു കാര്യവുമില്ല: വി ഡി സതീശൻ

തിരുവനന്തപുരം : ഗവ പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‍യുവിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. അഭിപ്രായം പറയാൻ കെഎസ്‍യു ആരാണെന്നും അവർക്കൊന്നും ഒരു കാര്യവുമില്ലെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവ. പ്ലീഡർ നിയമനത്തിൽ ഉയർന്ന വിവാദത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി ഡി സതീശൻ. 'തിരുവനന്തപുരത്തെ കെഎസ്‍യു ആണോ ഗവ പ്ലീഡറെ നിയമിക്കുന്നത്. കെഎസ്‍യുവിന് ഗവ പ്ലീഡർ നിയമനത്തിന് എന്ത് കാര്യം. ഒരു കാര്യവുമില്ല. അവർക്കൊന്നും ഒരു കാര്യവുമില്ല' - സതീശൻ പറഞ്ഞു.
ഗവ. പ്ലീഡറായി സജീവ ആർഎസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതിനുപിന്നാലെയാണ് വിവാദം ശക്തമായത്. വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര തഴക്കര സ്വദേശിയും സജീവ ആർഎസ്‌എസ് പ്രവർത്തകനുമായ ഡി എസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചത്. ജൂലൈ എട്ടിന് പുറത്തിറക്കിയ 31പേരുടെ പട്ടികയിലാണ് ശരത്തുള്ളത്. 2004–-2009ൽ തൃശൂർ ഗവ. ലോ കോളേജിലെ എബിവിപി നേതാവായിരുന്ന ഇയാൾ ആർഎസ്‌എസുകാർ പ്രതികളായ കേസുകളിൽ സ്ഥിരമായി ഹാജരാകുന്നുണ്ട്. ഇതിനു പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോൺഗ്രസിലെ അഭിഭാഷക വിഭാഗം ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. ലോയേഴ്സ് കോൺഗ്രസിലെ യുദ്ധം മറനീക്കി പുറത്തുവരികയും ചെയ്തു.
എന്നാൽ ലോയേഴ്സ് കോൺഗ്രസിന് പരാതിയില്ലെന്നും മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുകയാണെന്നുമാണ് സതീശൻ പറഞ്ഞത്. ആർഎസ്എസ് ബന്ധമുള്ള വ്യക്തിയടക്കം കോൺഗ്രസ് അഭിഭാഷക സംഘടനയിലെ അംഗങ്ങളാണെന്നും അവരൊക്കെ നിർദേശിക്കുന്ന ആളുകളേ വരൂ എന്നും സതീശൻ പറഞ്ഞു. തന്നോടാരും പരാതി പറഞ്ഞിട്ടില്ലെന്നു നിങ്ങളോട് പറഞ്ഞെങ്കിൽ നിങ്ങൾ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് തട്ടിക്കയറി.











0 comments