ഇൗ സ്‌കൂളിൽ വിളമ്പും ചിക്കൻ മന്തിയും

മടിക്കൈ (കാസർകോട്)
ഓണപ്പരീക്ഷയും ഓണാവധിയും കഴിഞ്ഞെത്തിയ കുട്ടികൾക്ക് സ്പെഷ്യൽ മെനുവായാലോ? ഇൗ ചിന്തയാണ് ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെ കടന്ന് ന്യൂജെൻ മാസ്‌റ്റർപീസായ മന്തിയിലെത്തിയത്. വിദ്യാഭ്യാസമന്ത്രി നിർദേശിച്ച മെനുവൊക്കെ കടന്നാണ് കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ചിക്കൻ മന്തി ഇടംപിടിച്ചത്.
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള 450 കുട്ടികൾക്കാണ് ഇവിടെ മന്തി വിളന്പിയത്. 24 അധ്യാപകരും നാല് അനധ്യാപകരും പിടിഎയും നാട്ടുകാരും ചേർന്ന് മന്തി കഴിച്ചവർ 600 . വ്യാഴാഴ്ചയാണ് ഉച്ചയൂണിനു പകരം ചിക്കൻ മന്തി വിളമ്പിയത്. അധ്യാപകരും എസ്എംസിയും പിടിഎയും ചേർന്നാണ് മന്തിയുണ്ടാക്കിയത്. 70 കിലോ കോഴിയിറച്ചിയും 80 കിലോ അരിയും ഉപയോഗിച്ചു. പിടിഎ വൈസ് പ്രസിഡന്റ് നാരയിലെ ഷെഫീഖും ഭാര്യ സുനീറയുമായിരുന്നു പ്രധാന ഷെഫുമാർ. പിടിഎ പ്രസിഡന്റ് വി മുകേഷ്, എസ്എംസി ചെയർമാൻ കെ വിജേഷ്, എംപിടിഎ പ്രസിഡന്റ് സി മല്ലിക തുടങ്ങിയവരും നാട്ടുകാരും അധ്യാപകരുമെല്ലാം ഒപ്പംചേർന്നു.
ഓണത്തിന് സ്‌കൂളിൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. നേരത്തേ ഫ്രൈഡ് റൈസും നൽകിയിരുന്നു. വരുംമാസങ്ങളിലും ഒരു ദിവസം മന്തിയോ ബിരിയാണിയോ വിളന്പും. ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയ പൊതുവിദ്യാഭ്യാസമന്ത്രിയോട് എല്ലാവരും നന്ദി പറയുന്നു.










0 comments