print edition ചെറുകാട് അവാർഡ് ഏഴാച്ചേരിക്ക് സമ്മാനിച്ചു

തൃശൂർ
പെരിന്തൽമണ്ണ ആസ്ഥാനമായുള്ള ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ നാൽപ്പത്തി എട്ടാമത് ചെറുകാട് അവാർഡ് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന് കെ രാധാകൃഷ്ണൻ എംപി സമ്മാനിച്ചു. അതി ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുമ്പോൾ ചെറുകാടിന്റെ സ്വപ്നങ്ങളിലൊന്ന് സാക്ഷാൽക്കരിക്കപ്പെടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ഇന്ത്യ ലോകത്ത് ഏറ്റവുമധികം ദരിദ്രരുള്ള രാജ്യമായി മാറുന്ന സമയത്തു തന്നെയാണ് ഇതും സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1930 കളിലെ ദുരിതങ്ങളും ദാരിദ്ര്യവും പോരാട്ടങ്ങളും ചർച്ചയാക്കി ഈ വർഷത്തെ ചെറുകാട് ദിന പരിപാടികൾ തൃശൂർ സാഹിത്യ അക്കാദമി ഹാളിലാണ് നടന്നത്. ലിംഗ സമത്വത്തിനു വേണ്ടിയും ജാതിവെറിക്കെതിരായും പണിയെടുക്കുന്നവന്റെ അവകാശങ്ങൾക്കു വേണ്ടിയും ചെറുകാട് എഴുത്തിലൂടെയും നേരിട്ടുള്ള സമരങ്ങളിലൂടെയും ജനങ്ങളെ നയിച്ചതിന്റെ ഓർമകൾ പുതുക്കപ്പെടുകയാണെന്ന് ചെറുകാട് സ്മാരക പ്രഭാഷണം നടത്തിയ സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദൻ പറഞ്ഞു. ‘ജീവിതപ്പാത’ യുടെ പ്രകാശനം എഴുത്തുകാരി സാറാ ജോസഫ് നിർവഹിച്ചു. അശോകൻ ചരുവിൽ ഏറ്റുവാങ്ങി.
സമ്മേളനത്തിൽ ചെറുകാട് സ്മാരക ട്രസ്റ്റ് ചെയർമാൻ വി ശശികുമാർ അധ്യക്ഷനായി. മാനേജിങ് ട്രസ്റ്റി സി വാസുദേവൻ അവാർഡ് പ്രഖ്യാപനം നടത്തി. ഡോ.കെ പി മോഹനൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ചെറുകാടിന്റെ കവിതകൾ’ കെ വി രാമകൃഷ്ണൻ ഡോ.സി രാവുണ്ണിക്കു നൽകി പ്രകാശിപ്പിച്ചു. സി പി അബൂബക്കർ, പി എൻ ഗോപീ കൃഷ്ണൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏഴാച്ചേരി രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ ഡോ. എം എൻ വിനയകുമാർ സ്വാഗതവും ചെറുകാട് ട്രസ്റ്റ് സെക്രട്ടറി വേണു പാലൂർ നന്ദിയും പറഞ്ഞു.









0 comments