നഗരസഭ പൊലീസിൽ പരാതി നൽകി
print edition അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റും കട്ടുതിന്ന് കോൺഗ്രസ് കൗൺസിലർ

ചേർത്തല
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ രണ്ടു ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് കൂപ്പൺ തട്ടിയെടുത്ത കോൺഗ്രസ് കൗൺസിലർക്കെതിരെ ചേർത്തല നഗരസഭ പൊലീസിൽ പരാതി നൽകി. ഗുണഭോക്താവ് നൽകിയ പരാതി, നഗരസഭയുടെ അന്വേഷണ റിപ്പോർട്ട് സഹിതമാണ് സെക്രട്ടറി കൈമാറിയത്.
അതിദരിദ്രരുടെ പട്ടികയിലുണ്ടായിരുന്ന ചന്ദ്രാനന്ദമഠത്തിൽ സി വി ആനന്ദകുമാറിന് അതിദാരിദ്ര്യമുക്ത പദ്ധതിയിൽ നഗരസഭ കഴിഞ്ഞ 11 മാസം അനുവദിച്ച 5500 രൂപയുടെ ഭക്ഷ്യകൂപ്പൺ 25-–ാം വാർഡ് കൗൺസിലർ എം എ സാജു തട്ടിയെടുത്തെന്നാണ് പരാതി.
2024 ഡിസംബർമുതൽ ഒക്ടോബർവരെയുള്ള കൂപ്പൺ കൗൺസിലർ ഓഫീസിൽനിന്ന് രജിസ്റ്ററിൽ ഒപ്പിട്ട് കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി. അതേവാർഡിലെ ഒരു വനിതാ ഗുണഭോക്താവിന്റെ കൂപ്പണും തട്ടിയെടുത്തെന്നും തെളിഞ്ഞു.
അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞദിവസം വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നഗരസഭ ഭക്ഷ്യകൂപ്പൺ അനുവദിച്ചിരുന്നെന്ന വിവരംതന്നെ ഇവർ അറിയുന്നത്.
നഗരസഭ മാസം 500 രൂപയുടെ ഭക്ഷ്യക്കിറ്റ് കൂപ്പണാണ് നൽകുന്നത്. കൂപ്പൺ സപ്ലൈകോ വിൽപ്പനശാലയിൽ നൽകി ഭക്ഷ്യധാന്യം വാങ്ങാനാണ് നിർദേശം. രണ്ട് ഗുണഭോക്താക്കളുടെ 11 മാസത്തെ കൂപ്പൺ ഉപയോഗിച്ച് 11,000 രൂപയുടെ ഭക്ഷ്യധാന്യമാണ് കൗൺസിലർ അടിച്ചുമാറ്റിയത്. നഗരസഭാ ഓഫീസിലെത്തി കൂപ്പൺ കൈപ്പറ്റാനാകാത്ത അവശർക്ക് കൗൺസിലർമാർ മുഖേന എത്തിക്കുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്.
മുണ്ടക്കൈ ദുരിതബാധിതർക്കായി പിരിച്ച പണം യൂത്ത്‌കോൺഗ്രസ് തട്ടിയതിനുപിന്നാലെയാണ് അതിദരിദ്രർക്കുള്ള കഞ്ഞിവരെ കട്ടത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി.










0 comments