print edition ചേരാനെല്ലൂർ വാഹനക്കുരുതി; ‘ഞങ്ങൾക്കും സമ്പന്നർക്കും ഇരട്ട നീതിയോ’

തിരുവനന്തപുരം: അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകൻ ഓടിച്ച കാറിടിച്ച് ചേരാനല്ലൂരിൽ മരിച്ച ജയബാലകൃഷ്‌ണന്റെ മക്കൾ ഉയർത്തിയ ചോദ്യം നിയമസഭയിലും അലയടിച്ചു. ‘‘തട്ടുകടക്കാരൻ ആയതുകൊണ്ടാണോ നീതിയില്ലാത്തത്, ഞങ്ങൾക്കും സമ്പന്നർക്കും ഇരട്ടനീതിയാണോ’ എന്ന ചോദ്യമാണ് നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾ ആവർത്തിച്ചത്.
പൊലീസിന്റെ അതിക്രമങ്ങൾ അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ അനുമതി തേടി എ സി മൊയ്‌തീൻ ആണ് വിഷയം ആദ്യം സഭയിൽ ഉന്നയിച്ചത്. അച്ഛന്റെ ചിതയടങ്ങുംമുമ്പാണ് മക്കൾക്ക് പൊലീസ് സ്‌റ്റേഷനുമുന്നിൽ ഇരിക്കേണ്ടിവന്നത്.
സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നുപറഞ്ഞാണ്, ജയബാലകൃഷ്‌ണന്റെ മക്കളോട് ഫോണിൽ സംസാരിച്ച കാര്യം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നത്. ‘ഞങ്ങൾക്കും സമ്പന്നർക്കും ഇരട്ടനീതിയാണോ’ എന്ന അവരുടെ ചോദ്യം കേൾക്കണമെന്നും പിണറായി പറഞ്ഞു.
പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മതിച്ചു. ജാമ്യം കിട്ടുന്ന വകുപ്പുകൾ ചേർത്താണ് ആദ്യം കേസെടുത്തത്. പിന്നീട്, ജാമ്യം കിട്ടാത്ത വകുപ്പുൾപ്പെടുത്തിയിട്ടും ജാമ്യം കിട്ടിയെന്നും ചെന്നിത്തല പറഞ്ഞു.









0 comments