വീൽചെയറിലെത്തി എൽഡിഎഫ് അംഗങ്ങൾ; അക്രമം അഴിച്ചുവിട്ട് ബിജെപി; രജിസ്റ്റർ വലിച്ചുകീറി

കൗൺസിൽയോഗത്തിൽ വി വി രാജേഷിന് മുന്നിൽ പ്രതിഷേധിക്കുന്ന എൽഡിഎഫ് അംഗങ്ങൾ | ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലടയ്ക്കപ്പെട്ട കൗൺസിലർക്കുവേണ്ടി തിരുവനന്തപുരം നഗരസഭയിൽ അക്രമം അഴിച്ചുവിട്ട് ബിജെപി. കൗൺസിൽ യോഗത്തിന്റെ അറ്റൻഡൻസ് രജിസ്റ്റർ ബിജെപി കൗൺസിലർമാർ വലിച്ചുകീറി. പ്രതിപക്ഷ കൗൺസിലർമാരെ കയ്യേറ്റം ചെയ്തു. കാപ്പാ കേസ് പ്രതിയായ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെ സംരക്ഷിക്കാനായിരുന്നു ബിജെപിയുടെ ഗുണ്ടായിസം.
47 ദിവസമായി കൗൺസിൽ ചേർന്നിരുന്നില്ല. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭത്തിലുമാണ്. സുഗതനെ പുറത്താക്കുന്നത് കൂടാതെ തെരുവുനായപ്രശ്‌നം, മാലിന്യസംസ്‌കരണം ഉൾപ്പെടെ ജനകീയ വിഷയങ്ങളിൽ പരിഹാരം കാണുന്നതിന് പോലും കൗൺസിൽ യോഗം ചേരാൻ മേയർ വി വി രാജേഷും സംഘവും തയ്യാറായിരുന്നില്ല.
ബിജെപി ആക്രമണത്തിൽ പരിക്കേറ്റ എൽഡിഎഫ് അംഗങ്ങൾ വീൽചെയറിലാണ് തിങ്കളാഴ്ചത്തെ കൗൺസിൽ യോഗത്തിനെത്തിയത്. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ അജണ്ടകൾ പാസായെന്ന് അവകാശപ്പെട്ട്, കൗൺസിൽ യോഗം അവസാനിപ്പിച്ച് മേയർ ഉടനടി മടങ്ങി.
ഇതിന് ശേഷമാണ് പ്രതിപക്ഷ അംഗങ്ങളുടെ പക്കൽനിന്നും അറ്റൻഡൻസ് രജിസ്റ്റർ ബിജെപി കൗൺസിലർമാർ പിടിച്ചുവാങ്ങിയത്. വനിതാ കൗൺസിലർമാരെ ആക്രമിക്കുകയും ചെയ്തു. ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തിലായിരുന്നു ബിജെപി കൗൺസിലർമാരുടെ അക്രമം.











0 comments