അതൃപ്തി പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മൻ; എ കെ ആന്റണിയെ കണ്ട് കുടുംബം

ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ കാണുന്നു (Photo: Screengrab)
തിരുവനന്തപുരം: മമന്ത്രി സ്ഥാനത്തേക്കാൾ വലിയൊരു സ്ഥാനം ജനങ്ങൾക്കിടയിൽ ഉണ്ടെന്ന് പുതുപ്പള്ളി കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ. യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിൽ അവഗണന നേരിട്ടതിനെ കുറിച്ചുള്ള വാർത്തകളാണ് പ്രതികരിക്കുകയായിരുന്നു അദേഹം. ആർക്കും കിട്ടാത്ത സ്ഥാനം എനിക്കുണ്ട്. കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണതെന്ന് ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിൽ തുടക്കം മുതൽ ചാണ്ടി ഉമ്മൻ തഴയപ്പെട്ടതിൽ നീരസം നിലനിൽക്കെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ ചാണ്ടി ഉമ്മനും കുടുംബവും സന്ദർശിച്ചു. വെറുമൊരു സൗഹൃദ സന്ദർശനമാണെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
ഉമ്മൻചാണ്ടിയുടെ സ്മരണ ഈ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നത് കണക്കിലെടുത്ത് ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരുന്നു. ഇക്കാര്യത്തിൽ തുടക്കം മുതൽ അനുകൂല സൂചനകളാണ് ലഭിച്ചിരുന്നത്. എ കെ ആന്റണിയും ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന അഭിപ്രായം നേരത്തെ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ അവസാന നിമിഷം ചാണ്ടി ഉമ്മന്റെ പേര് വെട്ടുകയായിരുന്നു.
ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് എന്ത് കാര്യമെന്ന പിതാവിന്റെ വാക്കുകൾ ഈ വേളയിൽ ഓർക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇപ്പോൾ എല്ലാ കാര്യങ്ങളും, തുറന്നുപറയാനില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. നേരത്തെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൾ മറിയ ഉമ്മനും പങ്കെടുത്തിരുന്നില്ല. ചാണ്ടി ഉമ്മനെ തഴഞ്ഞതിലുള്ള കടുത്ത അതൃപ്തിയെന്ന ആരോപണം നിലനിൽക്കെയാണ് കുടുംബം എ കെ ആന്റണിയെ കണ്ടത്. പരിഗണനകൾ ഏതും ഇല്ലാതെ കാണികൾക്കൊപ്പം നിന്നാണ് ചാണ്ടി ഉമ്മനും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായത്.










0 comments