ad
Deshabhimani

ചാലയുടെ വാണിജ്യ വികസനത്തിൽ പുതിയ നാഴികക്കല്ല്; അത്യാധുനിക വെയർഹൗസ് സമുച്ചയം മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിച്ചു

CHALA WAREHOUSE
വെബ് ഡെസ്ക്

Published on Mar 06, 2026, 06:57 PM | 1 min read

തിരുവനന്തപുരം: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചാലയുടെ വികസനത്തിൽ നിർണ്ണായകമാകുന്ന പുതിയ വെയർഹൗസ് സമുച്ചയം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗികമായി നാടിന് സമർപ്പിച്ചു. ചാല കമ്പോളത്തിന് സമീപം പൊതു ഉടമസ്ഥതയിൽ ഒരു വെയർഹൗസ് വേണമെന്ന വ്യാപാരികളുടെ ദീർഘകാലത്തെ സ്വപ്നമാണ് ട്രിഡയുടെയും സ്മാർട്ട് സിറ്റി പദ്ധതിയുടെയും സംയുക്ത പരിശ്രമത്തിലൂടെ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.


ഏകദേശം 18.66 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള വെയർഹൗസ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. 2.24 ഏക്കർ സ്ഥലത്ത് 2350 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഈ ബൃഹത്തായ കെട്ടിടം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും സാധനസാമഗ്രികൾ സുരക്ഷിതമായി സംഭരിക്കാനും ഈ വെയർഹൗസ് വലിയ സഹായമാകും. കിള്ളിപ്പാലം - അട്ടക്കുളങ്ങര ബൈപാസിലുള്ള ഇതിന്റെ തന്ത്രപ്രധാനമായ സ്ഥാനം ചരക്ക് നീക്കം സുഗമമാക്കാൻ ഏറെ അനുയോജ്യമാണ്.


വ്യവസായവും വാണിജ്യവും വളരുമ്പോഴാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്ന് ഉദ്ഘാടന വേളയിൽ മന്ത്രി വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു. വെയർഹൗസ് സമുച്ചയം പ്രവർത്തനസജ്ജമാകുന്നതോടെ ചരക്ക് നീക്കം, പാക്കിംഗ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ നിരവധി ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ഒരു നഗരം സ്മാർട്ട് ആകുന്നത് കെട്ടിടങ്ങൾ ഉയരുമ്പോൾ മാത്രമല്ല, അത് സാധാരണക്കാരായ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഗുണകരമാകുമ്പോൾ കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കാൻ സാധിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച ട്രിഡ ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home