ജനങ്ങളെ ദുരിതത്തിലാക്കി കേന്ദ്രത്തിന്റെ ഇ- കെവൈസി നിബന്ധന; 16 മുതൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ല

എഐ പ്രതീകാത്മകചിത്രം
സ്വന്തം ലേഖിക
Published on Aug 05, 2026, 08:50 AM | 1 min read
തിരുവനന്തപുരം : മതിയായ സാവകാശം നൽകാതെയും പ്രായമായവർക്കും സാങ്കേതികപരിജ്ഞാനം ഇല്ലാത്തവർക്കും ബദൽ മാർഗങ്ങൾ കാര്യക്ഷമമാക്കാതെയും ഗാർഹിക ഗ്യാസ് സിലിണ്ടർ വിതരണം നിർത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. ഇകെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ആഗസ്‌ത് 16 മുതൽ ഗാർഹിക നിരക്കിൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ല. ഇത് സംബന്ധിച്ച് ഉപഭോക്‌താക്കൾക്ക് ഫോണുകളിൽ അറിയിപ്പ് ലഭിച്ചു. ആഗസ്‌ത് 15നകം ഇ-കെവൈസി പൂർത്തിയാക്കത്തവർക്ക് ഗാർഹിക നിരക്കിൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ലെന്നാണ് അറിയിപ്പിലുള്ളത്. ഇന്ത്യൻ, എച്ച്‌പി, ഭാരത് തുടങ്ങി എല്ലാ കമ്പനികളും ഇതിലുൾപ്പെടും.
2024ലാണ് ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഇകെവൈസി പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. എന്നാലിത് നിർബന്ധമല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷവും ഇകെവൈസി ചെയ്‌തിരുന്നില്ല. ഗ്യാസ് വില കുത്തനെ കൂട്ടിയും സബ്‌സിഡി വെട്ടിക്കുറച്ചുമുള്ള ജനദ്രോഹ നയങ്ങൾക്ക് പിന്നാലെയാണ് പുതിയ നിബന്ധന. പിഎം ഉജ്വൽ യോജന അടക്കമുള്ള ഗ്യാസ് സബ്‌സിഡി ലഭിക്കുന്ന പദ്ധതികളിലെ ഉപഭോക്‌താക്കളെ വെട്ടിക്കുറയ്‌ക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഉത്തരവ്. നിലവിൽ ഇകെവൈസി പൂർത്തിയാക്കിയവർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. കണക്ഷൻ ഉടമ മരിച്ചെങ്കിൽ ഉടമസ്ഥാവകാശം മാറ്റി പ്രകിയ പൂറത്തീകരിക്കാൻ സമയം വേണ്ടി വരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് സമയപരിധി നിശ്ചയിച്ചത്.
ഇ-കെവൈസി പൂർത്തിയാക്കേണ്ട വഴികൾ
1) വിതരണ കമ്പനികളുടെ ആപ്ലിക്കേഷനും ആധാർ ഫേസ് ആർഡി ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈനായി
2) ബന്ധപ്പെട്ട ഗ്യാസ് വിതരണ ഏജൻസിയിൽ നേരിട്ടെത്തി
3) ഗ്യാസ് വിതരണം ചെയ്യാനെത്തുന്ന ഡെലിവറി ഏജന്റുമാരുടെ പക്കലുള്ള ഉപകരണം ഉപയോഗിച്ച്










0 comments