'ക്യാഷ് ഗ്രാന്റിൽ ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ല'; മുഴുവൻ തുകയും അനുവദിച്ചു എന്നത് കള്ളമെന്ന് മന്ത്രി

'തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിന് തരാനുള്ള മുഴുവൻ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി വീണാ ജോർജ്
കോ-ബ്രാൻഡിംഗിന്റെ പേരിൽ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്യാഷ് ഗ്രാന്റിൽ ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ല. ഇത് സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചു കൊടുത്തിരുന്നു. 2025 ഫെബ്രുവരി വരെയുള്ള ഫിനാൻഷ്യൽ മോണിറ്ററിംഗ് റിപ്പോർട്ടുകളും ഇതിനോടകം അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോർട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ നൽകിയ രേഖകൾ ആരോഗ്യ വകുപ്പ് നിയമസഭയിൽ വച്ചു.
2023-24 വർഷത്തിൽ എൻഎച്ച്എമ്മിന് കേന്ദ്രം നൽകാനുള്ള തുക സംബന്ധിച്ച് 2023 സെപ്തംബർ ഏഴ്, 2024 ജൂൺ 24, 2024 ഒക്ടോബർ 17 എന്നീ തീയതികളിൽ ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും, സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷൻ നാഷണൽ മിഷനും കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടികളിലും കേന്ദ്രം കേരളത്തിന് 2023-24 വർഷത്തിൽ കേന്ദ്ര വിഹിതം നൽകാനുണ്ട് എന്നുള്ളത് വ്യക്തമാണ്.
എൻഎച്ച്എമ്മിന്റെ ആശ ഉൾപ്പെടെയുള്ള സ്‌കീമുകൾക്കോ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തിക വർഷത്തിൽ അനുവദിച്ചിരുന്നില്ല. ആകെ കേന്ദ്രം തരാനുള്ള 826.02 കോടിയിൽ ഇൻഫ്രാസ്ട്രക്ച്ചർ മെയിന്റനൻസിനും കൈൻഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എന്നാൽ ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ ബാക്കി 636.88 കോടി രൂപ അനുവദിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
0 comments