കേന്ദ്രം കുത്തകകളെ പാലൂട്ടി വളർത്തി പാവങ്ങളെ ഞെക്കിപ്പിഴിയുകയാണ്: എം വി ഗോവിന്ദൻ

കാസർഗോഡ്: കുത്തകകളെ പാലൂട്ടി വളർത്തുന്ന കേന്ദ്രസർക്കാർ പാവപ്പെട്ടവരെ ഞെക്കിപ്പിഴിയുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാമ്പത്തിക അച്ചടക്കത്തിന്റെ പേരിൽ സാധാരണക്കാരെ അടിച്ചമർത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കാസർഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുത്ത് വൻകിട വ്യവസായികൾക്ക് ഇളവുകൾ നൽകാനാണ് കേന്ദ്രം തുക ഉപയോഗിക്കുന്നത്. ഇളവുകൾ ലഭിച്ചതെല്ലാം കോർപ്പറേറ്റുകൾക്കാണ്. കർഷകർക്കും തൊഴിലാളികൾക്കും നേരെ നഗ്നമായ ആക്രമണമാണ് ഈ ബജറ്റ് നടത്തുന്നത്. സ്ത്രീകൾക്കായുള്ള പദ്ധതികളിൽ 51,144 കോടിയുടെ വെട്ടിക്കുറവുണ്ടായി. പട്ടികജാതി - വർഗ വിഭാഗങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയ എല്ലാ മേഖലകളിലുമുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. 1,51,000 കോടി രൂപ ആവശ്യമുള്ള തൊഴിലുറപ്പ് പദ്ധതിക്കായി വെറും 30,000 കോടി രൂപ മാത്രം നീക്കിവെച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കായി 1,51,000 കോടി രൂപ ആവശ്യമാണെന്ന് ബജറ്റ് തന്നെ സമ്മതിക്കുമ്പോഴും വെറും 30,000 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ഒരു നടപടിയും ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. ഡോണൾഡ് ട്രംപിന് പൂർണ്ണമായും കീഴടങ്ങിയാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. അമേരിക്ക ഏർപ്പെടുത്തിയ താരീഫ് വർധനയെ നേരിടാനോ, നമ്മുടെ കയറ്റുമതി സംരക്ഷിക്കാനോ ഒരു നടപടിയും ബജറ്റിലില്ല.
കേരളത്തോട് സംഘപരിവാർ നടത്തുന്നത് യുദ്ധപ്രഖ്യാപനമാണ്. യുപിക്ക് 17.62 ശതമാനം നികുതി വിഹിതം നൽകുമ്പോൾ കേരളത്തിന് ഇത് വെറും 2.38 ശതമാനം മാത്രമാണ്. കേരളത്തിൽ നിന്ന് 100 രൂപ നികുതിയായി പിരിക്കുമ്പോൾ തിരികെ നൽകുന്നത് വെറും 21 രൂപ മാത്രമാണ്.
എയിംസ്, അതിവേഗ റെയിൽപാത, വയനാട് ദുരന്തത്തിനുള്ള ധനസഹായം എന്നിവയൊന്നും ബജറ്റിൽ പരിഗണിച്ചില്ല. കേരളത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള ബിജെപി നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തെ വാക്കുകൊണ്ട് പോലും തള്ളിപ്പറയാത്ത യുഡിഎഫ് നിലപാട് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ വോട്ടർ പട്ടികയിൽ വ്യാപക അട്ടിമറി നടന്നുവെന്നും അദ്ദേഹം പറഞ്ഞു. 24 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഇതിനെതിരെ ഇന്ന് തിരുവനന്തപുരത്ത് ചീഫ് ഇലക്ഷൻ ഓഫീസിലേക്കും ജില്ലകളിൽ ഇലക്ഷൻ ഓഫീസുകളിലേക്കും എൽഡിഎഫിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.










0 comments