ലൈബ്രറിയിൽ കയറരുത്, ഹോസ്റ്റല്‍ ഒഴിയണം; കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളോട് പ്രതികാരനടപടി

കാസർകോട് : കേരള കേന്ദ്ര സർവകലാശാലയിൽ വീണ്ടും വിദ്യാർഥിദ്രോഹ നടപടിയുമായി അധികൃതർ. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എസ് സെയ്‌ദ് അലി ഉൾപ്പടെ അഞ്ചു വിദ്യാർഥികൾ ലൈബ്രറിയിൽ കയറരുതെന്നാണ് സർവകലാശാലയുടെ ഉത്തരവ്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയോട് ഹോസ്റ്റലിൽനിന്ന് ഇറങ്ങണമെന്നും ഉത്തരവിട്ടു. അനുവാദമില്ലാത്ത സമയത്ത് റീഡിങ് റൂമിൽ കയറി എന്ന വിചിത്രമായ വാദമുന്നയിച്ചാണ് നടപടി.

വിദ്യാർഥികൾ സമരംചെയ്‌ത് റിഡിങ് റൂം സമയം 24 മണിക്കൂറായി ദീർഘിപ്പിച്ചിരുന്നു. തിങ്കളാഴ്ച്ച പരീക്ഷ ആരംഭിക്കാനിരിക്കെയാണ് വിദ്യാർഥികളെ ലൈബ്രറിയിൽനിന്നും ഹോസ്റ്റലിൽനിന്നും പുറത്താക്കിയത്. സർവകലാശാല കാവിവൽക്കരണത്തിനെതിരെയും ആർഎസ്‌എസ് സെമിനാറിനെതിരെയും പ്രതികരിച്ചതിൽ പ്രോക്ടർ പ്രതികാര നടപടി തുടരുകയാണെന്ന് എസ്എഫ്ഐ അറിയിച്ചു. പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.








0 comments