കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; വിദ്യാർഥികൾക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

സംഘപരിവാർ അനുകൂലിയും സർവകലാശാല പ്രോക്ടറുമായ പി ശ്രീകുമാർ പ്രബന്ധമവതരിപ്പിക്കുമ്പോൾ ഷൂ ഉയർത്തിപ്പിടിച്ച് ‘ആർഎസ്‌എസ് ഗോ ബാക്ക്’ മുദ്രാവാക്യമുയർത്തുന്ന വിദ്യാർഥികൾ
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച, കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിൽ സർവകലാശാല അധികൃതരോ, സംഘാടകരോ പരാതി നൽകിയിരുന്നില്ല. ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്. സർവകലാശാലയിലെ വിദ്യാർഥികളെ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ച് ഗവർണർ നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പ്രതിഷേധം.
വിദ്യാർഥിവിരുദ്ധമായ ഗവർണറുടെ പ്രസംഗം അംഗീകരിക്കാൻ കഴിയില്ലെന്നും രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള നീക്കവും ഭീഷണികളും വിലപ്പോവില്ലെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി. സർവകലാശാല പ്രോക്ടറും കടുത്ത സംഘപരിവാർ അനുകൂലിയുമായ പി ശ്രീകുമാർ പ്രബന്ധമവതരിപ്പിക്കുമ്പോഴായിരുന്നു പ്രതിഷേധം. ‘ആർഎസ്‌എസ് ഗോ ബാക്ക്’ മുദ്രാവാക്യമുയർത്തി ഷൂ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് സെമിനാർ നിർത്തിവെച്ചു.
എബിവിപിക്കാരെമാത്രം അകത്തുപ്രവേശിപ്പിച്ചതിലും പങ്കെടുക്കാൻ രജിസ്‌റ്റർചെയ്ത വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതിലും വിദ്യാർഥികൾക്കിടയിൽ കടുത്ത അമർഷമുണ്ടായി. കഴിഞ്ഞദിവസം പൊലീസിനെ ഇറക്കി വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ പ്രോക്‌ടർ ഉൾപ്പെടെയുള്ളവർ പരസ്യമായി മാപ്പുപറയണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു.








0 comments