Deshabhimani

വിദ്യാർഥിപ്രതിഷേധം അലയടിച്ചു; കേന്ദ്ര സർവകലാശാലയിലെ ആർഎസ്‌എസ്‌ സെമിനാർ നിർത്തിവച്ചു

Central university kasargoide students protest

സംഘപരിവാർ അനുകൂലിയും സർവകലാശാല പ്രോക്ടറുമായ പി ശ്രീകുമാർ പ്രബന്ധമവതരിപ്പിക്കുമ്പോൾ ഷൂ ഉയർത്തിപ്പിടിച്ച്‌ ‘ആർഎസ്‌എസ്‌ ഗോ ബാക്ക്’ മുദ്രാവാക്യമുയർത്തുന്ന വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Oct 07, 2026, 04:37 PM | 1 min read

കാസർകോട്‌: വന്ദേമാതരം 150–-ാം വാർഷികത്തിന്റെ പേരിൽ കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ആർഎസ്‌എസ്‌ അനുകൂല സെമിനാറിന്റെ രണ്ടാം ദിനമായ ബുധനാഴ്‌ചയും വിദ്യാർഥിപ്രതിഷേധം അലയടിച്ചു. ഇതേതുടർന്ന്‌ സെമിനാർ നിർത്തിവച്ചു. പകൽ 12.15മുതൽ 1.30വരെയുള്ള സെഷൻ ആണ്‌ പൂർത്തിയാക്കാൻ കഴിയാതിരുന്നത്‌.


സർവകലാശാല പ്രോക്ടറും കടുത്ത സംഘപരിവാർ അനുകൂലിയുമായ പി ശ്രീകുമാർ പ്രബന്ധമവതരിപ്പിക്കുമ്പോഴായിരുന്നു പ്രതിഷേധം. വിദ്യർഥികർ ‘ആർഎസ്‌എസ്‌ ഗോ ബാക്ക്’ മുദ്രാവാക്യമുയർത്തി ഷൂ ഉയർത്തിപ്പിടിച്ച്‌ പ്രതിഷേധിച്ചു. സർവകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗം പ്രൊഫസർകൂടിയാണ്‌ ശ്രീകുമാർ.


സർവകലാശാലയിൽ കാവിവൽക്കരണ അജണ്ടകൾ നടപ്പാക്കുന്നത്‌ ഇയാൾ ആണെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. ശ്രീകുമാർ പ്രോക്‌ടറായി തുടരാൻ അർഹനല്ലെന്നും രാജിവയ്‌ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സ്‌കൂൾ ഓഫ് ലാംഗ്വേജസ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ നേതൃത്വംനൽകിയ ദേശീയ സെമിനാറിനെ സംഘപരിവാർ സെമിനാറാക്കിയത്‌ ഇയാളുടെ നേതൃത്വത്തിലാണെന്ന ആക്ഷേപമുയർന്നിരുന്നു.


എബിവിപിക്കാരെമാത്രം അകത്തുപ്രവേശിപ്പിച്ചതിലും പങ്കെടുക്കാൻ രജിസ്‌റ്റർചെയ്ത വിദ്യാർഥികൾക്ക്‌ പ്രവേശനം നിഷേധിച്ചതിലും വിദ്യാർഥികൾക്കിടയിൽ കടുത്ത അമർഷമുണ്ടായി. കഴിഞ്ഞദിവസം പൊലീസിനെ ഇറക്കി വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ പ്രോക്‌ടർ ഉൾപ്പെടെയുള്ളവർ പരസ്യമായി മാപ്പുപറയണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. സെമിനാറിന്റെ സമാപനദിനത്തിൽ ശ്രീകുമാറിനെ പ്രബന്ധം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന്‌ കഴിഞ്ഞദിവസംതന്നെ എസ്‌എഫ്‌ഐ ഭാരവാഹികളും വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home