ad
Deshabhimani

കേരളത്തെയും പ്രവാസികളെയും അവഗണിക്കുന്ന കേന്ദ്ര ബജറ്റ്: നോർക്ക വെൽഫെയർ ബോർഡ്

norka roots
വെബ് ഡെസ്ക്

Published on Feb 02, 2026, 08:35 PM | 1 min read

തിരുവനന്തപുരം: കേരളത്തെയും പ്രവാസി സമൂഹത്തെയും പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റ് ഫെഡറൽ സംവിധാനത്തിന് ചേരാത്തതാണെന്ന് നോർക്ക വെൽഫെയർ ബോർഡ്. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പിച്ചത് പോലെയാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും നോർക്ക പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ഇടതുപക്ഷ സർക്കാരുകളുടെ വികസന മാതൃകകൾ കൊണ്ട് ലോക ശ്രദ്ധയാകർഷിച്ച കേരളത്തോട് പകയോടെയുള്ള സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. എയിംസ് (AIIMS), വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനം, അതിവേ​ഗ റെയിൽ തുടങ്ങിയ കേരളത്തിന്റെ സ്വപ്ന പദ്ധതികളോട് കേന്ദ്രം മുഖം തിരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഏഴോളം ഹൈസ്പീഡ് റെയിൽ ഇടനാഴികൾ അനുവദിച്ചപ്പോൾ കേരളത്തെ പൂർണമായും തഴഞ്ഞു. തീർഥാടന വിനോദസഞ്ചാരത്തിന് വലിയ പ്രാധാന്യം നൽകിയപ്പോഴും ഏഷ്യയിലെ തന്നെ വലിയ തീർഥാടന കേന്ദ്രമായ ശബരിമലയെ വിസ്മരിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.


രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന്റെ നട്ടെല്ലായ പ്രവാസികളെ കുറിച്ച് ബജറ്റിൽ ഒരക്ഷരം പോലും പരാമർശിച്ചിട്ടില്ല. പ്രവാസി എന്ന വാക്കുപോലും ഉച്ചരിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കേരള സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വിഹിതം അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇത്തവണയും അവഗണിക്കപ്പെട്ടു.


വിലക്കയറ്റം, തൊഴിലില്ലായ്മ, കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നിവയിൽ മൗനം പാലിക്കുന്ന ബജറ്റ് ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിക്കുകയാണ്. നാടിന്റെ നന്മകളെ തടയുന്ന കേന്ദ്ര ബജറ്റിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും നോർക്ക വെൽഫെയർ ബോര്‍ഡ് പ്രസ്താവനയിൽ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home