എട്ടാം ക്ലാസിൽ പാഠപുസ്‌തകമില്ല; സിബിഎസ്‌ഇ പഠനം അവതാളത്തിൽ

കെ എ നിധിൻ നാഥ്
Published on Jun 16, 2025, 12:14 AM | 1 min read
തൃശുർ
ക്ലാസ് തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്‌തകം ലഭിക്കാതെ സിബിഎസ്‌ഇ സ്‌കൂൾ വിദ്യാർഥികൾ. പരിഷ്‌കരിച്ച സിലബസ് പാഠപുസ്‌തകം എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻസിഇആർടിയാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പുസ്‌തകം അടിമുടി മാറ്റിയിരുന്നു. എന്നാൽ സമയബന്ധിതമായി പുസ്‌തകം തയ്യാറാക്കാനും അച്ചടി പൂർത്തിയാക്കാനും കഴിയാത്തതിനാൽ കുട്ടികളുടെ പഠനം അവതാളത്തിലായി. കണക്ക്, ശാസ്‌ത്രം, സാമൂഹ്യ പാഠനം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലായാണ് എല്ലാവർക്കും പൊതുവായ പുസ്‌തകമുള്ളത്. ഇതിൽ ഇംഗ്ലീഷ് പുസ്‌തകം മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘പൂർവി’ എന്ന പേരിലുള്ള പുസ്‌തകം നിലവിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ ലഭ്യമാണ്. എന്നാൽ സ്‌കൂളുകളിൽ എത്തിയിട്ടില്ല. പുസ്‌തകം എന്ന് വരുമെന്നതിൽ കൃത്യമായ മറുപടിയില്ലാത്തതിനാൽ ആമസോണിൽ നിന്ന് വാങ്ങാനാണ് സ്‌കൂൾ അധികൃതർ കുട്ടികൾക്ക് നൽകിയ നിർദേശം.
പുസ്‌തകങ്ങൾ തയ്യാറാക്കാനുള്ള ശിൽപ്പശാലകൾ നടക്കുകയാണെന്നും ഇത് പൂർത്തിയാക്കിയ ശേഷം പുസ്‌തകം പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതർ സ്‌കൂളുകളെ അറിയിച്ചത്. പ്രിന്റഡ് പുസ്‌തകം വരും മുമ്പ് എൻസിആർടി വെബ്‌സൈറ്റിൽ പുസ്‌തകത്തിന്റെ പിഡിഎഫ് ലഭ്യമാക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
പുസ്‌തകം വരുന്നതിന് മുമ്പ് ബ്രിഡ്‌ജ് കോഴ്‌സ് പഠിപ്പിക്കാനാണ് നിർദേശം. ആറ്, ഏഴ് ക്ലാസുകളിൽ വിദ്യാർഥി ആർജിക്കേണ്ട വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് എൻസിആർടി പറയുന്നത്.
ഇതിന്റെ പരമാവധി ദൈർഘ്യം ആറ് ആഴ്‌ചയാണ്. കേരളത്തിൽ മാത്രമാണ് ജൂണിൽ ക്ലാസുകൾ ആരംഭിച്ചത്. ഉത്തരേന്ത്യയിലടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ ഏപ്രിലിൽ ക്ലാസ് തുടങ്ങി. കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഏപ്രിലിൽ ഒരാഴ്‌ച ക്ലാസ് നടന്നു. മെയ് അവസാനം ക്ലാസുകൾ പുനരാരംഭിച്ചു. ഇവിടെയെല്ലാം ബ്രിഡ്‌ജ് കോഴ്‌സ് അവസാന ഘട്ടത്തിലാണ്. പുസ്‌തകം ഉടൻ വരാനുള്ള സാധ്യതയില്ലാത്തതിനാൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ആശങ്കയിലാണ്.









0 comments