ad
Deshabhimani

'ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്'; സതീശനെതിരെ ജിന്റോ ജോൺ

VD SATHEESAN Jinto John.jpg
വെബ് ഡെസ്ക്

Published on May 19, 2026, 03:58 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരോക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലതെന്ന് ജിൻറോ ഫെയ്സ്ബുക്കിൽ കുറിച്ചു.


'തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ്‌ ബോധ്യം'- ജിന്റോ ജോൺ കുറിച്ചു. വി ഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ജിൻ്റോ ജോണിന്റെ പ്രതികരണം. പോസ്റ്റിന്റെ താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ജിന്റോ ജോൺ മുഖ്യമന്ത്രിയെ ട്രോളിയെന്നാണ് നിരവധി പേർ കുറിച്ചത്.


വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച്‌ ആർഎസ്‌എസ്‌ വിധേയത്വം കാട്ടിയതിനെതിരെയും വിമർശനം ഉയർന്നിരുന്നു. വന്ദേമാതരത്തിലെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ ഭാഗം ഉൾപ്പെടെയാണ്‌ ചടങ്ങിൽ ആലപിച്ചത്‌. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കുകയും ചെയ്യുന്നത് വന്ദേമാതരത്തിന്റെ ആദ്യ ഈരടികളാണ്. തുടർന്നുവരുന്ന ചില ഭാഗങ്ങൾക്കെതിരെയാണ്‌ വിമർശം നിലനിൽക്കുന്നത്‌. അതുൾപ്പെടെയാണ്‌ സത്യപ്രതിജ്ഞാച്ചടങ്ങിൽ ആലപിച്ചത്‌.


സുപ്രീംകോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഉപദേശരൂപേണയാണ്‌ നൽകിയിട്ടുള്ളത്‌. നിർബന്ധമല്ലെന്നും അനുസരിക്കാത്തതിന് ശിക്ഷാനടപടി ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാചടങ്ങിലും വന്ദേമാതരം വിവാദഭാഗം ചൊല്ലിയത് വൻ വിമർശത്തിനിടയാക്കിയിരുന്നു. ബംഗാളിലാകട്ടെ, വന്ദേമാതരം ചൊല്ലിയതുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home