ജാതീയ അധിക്ഷേപം: കേരള സർവകലാശാല സംസ്‌കൃതം മേധാവിക്കെതിരെ പരാതി നൽകി

ഗവേഷക വിദ്യാർഥി വിപിൻ വിജയൻ
തിരുവനന്തപുരം: ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേരള സർവകലാശാലയിലെ ഡീനിനെതിരെ ഗവേഷക വിദ്യാർഥി വിപിൻ വിജയൻ പരാതി നൽകി. കേരള സർവകലാശാല ഡീൻ കൂടിയായ സംസ്‌കൃതം മേധാവി ഡോ. സി എൻ വിജയകുമാരിക്കെതിരെ കഴക്കൂട്ടം എസ്പിക്കാണ് പരാതി നൽകിയത്.
‘നിനക്ക് പിഎച്ച്ഡി കിട്ടുന്നത് പോയിട്ട്, സംസ്കൃതത്തിലെ ഒരു വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ല. ദേവഭാഷയെ മലിനമാക്കി' – എന്നാണ് അധ്യാപിക സി എൻ വിജയകുമാരി കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥി വിപിൻ വിജയനോട് പറഞ്ഞത്. വി സി യെ സ്വാധീനിച്ച് പിഎച്ച്‌ഡി തടയുകയും ചെയ്തു. വിപിൻ നൽകിയ പരാതിയിന്മേൽ നടപടിയെടുക്കാൻ വി സി മോഹൻ കുന്നുമ്മൽ ഇതുവരെ തയ്യാറായിട്ടില്ല.
സംസ്കൃത പണ്ഡിതയെന്ന് അവകാശപ്പെടുന്ന അധ്യാപികയുടെ പ്രശ്നം വിദ്യാർഥിയുടെ ജാതിയും ഗൈഡിന്റെ മതവുമാണ്. ഓപ്പൺ ഡിസ്കഷിനിൽ വിപിൻ വിജയന്റെ റിപ്പോർട്ട് അംഗീകരിച്ച് സമിതി ചെയർമാൻ അനിൽ പ്രതാപ് ഗിരി പിഎച്ച്‌ഡിക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ, വിജയകുമാരി ശുപാർശയെ എതിർത്ത് പുതിയ ചോദ്യങ്ങളുന്നയിച്ചു. രണ്ടുതവണ പക്ഷാഘാതം വന്ന വിദ്യാർഥി എന്ന പരിഗണന പോലും നൽകാതെ ബുദ്ധിമുട്ടിച്ചു. ഒടുവിൽ, ബിരുദം നിഷേധിച്ച് കുന്നുമ്മലിന് റിപ്പോർട്ട് നല്കി.
ജാതി– മത വിവേചന പരാതി മുൻപും വിജയകുമാരിക്കെതിരെ ഉയർന്നിട്ടുണ്ട്. പലർക്കും ഗവേഷണം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ആരിഫ് മൊഹമ്മദ് ഖാന്റെ കാലഘട്ടം മുതൽ രാജ്ഭവനുമായി ചേർന്നുനിന്നാണ് പല സ്ഥാനങ്ങളും അനധികൃതമായി നേടിയത്. സെനറ്റിലും ഇവർ സീറ്റ് നേടിയെടുത്തിരുന്നു. സംസ്കൃത സെമിനാറിന് സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർഥികളെ നിരത്തി വിവാദ നായികയായതും ഇവരാണ്. മാനദണ്ഡങ്ങൾ ലംഘിച്ച് ഇവർക്ക് വിസി തുക അനുവദിച്ചതും വിവാദത്തിലാണ്.









0 comments