പാലക്കാട്ട് വോട്ടിന് പണം: ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കും

ബിജെപി പ്രവർത്തകർ നൽകിയ പണം വയോധികയുടെ കയ്യിൽ (ഇടത്), വീഡിയോ ചിത്രീകരിച്ചവരോട് ക്ഷോഭിക്കുന്ന ശോഭാ സുരേന്ദ്രൻ (വലത്) | പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷക സംഘം ഇലക്ഷൻ ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥൻ കെ പി മുരളീധരന്റെ മൊഴിയെടുക്കും. പണം നൽകുന്നത് വാർത്തയായപ്പോൾ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ അബ്ദുൾ ജലീലിന് റിപ്പോർട്ട് നൽകുകയും ചെയ്‌തത് മുരളീധരനാണ്. ഇൻസ്‌പെക്ടർ ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് അന്വേഷണം.
ബുധനാഴ്‌ചയാണ് കണ്ണാടി പഞ്ചായത്തിലെ തരുവക്കുറുശിയിൽ ശോഭാ സുരേന്ദ്രനൊപ്പം കാറിലെത്തിയ യുവതി വോട്ടർക്ക് 5,000 രൂപ കൈമാറിയത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരും ഫ്ലൈയിങ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി കലക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
പണം ലഭിച്ചെന്ന് ആദ്യം സമ്മതിച്ച വയോധിക പിന്നീട് ബന്ധുക്കളെത്തിയതോടെ നിഷേധിച്ചു. വോട്ടുചെയ്യാൻ മരുന്നിന് 5,000 രൂപ തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണം നൽകിയെന്നാണ് ആദ്യം പറഞ്ഞത്. ക്ഷേമപെൻഷൻ കിട്ടിയ പണമാണ് കൈയിലെന്ന് പിന്നീട് ബന്ധുക്കൾ തിരുത്തി. ശോഭയും സംഘവും പോയതിന് പിന്നാലെ വയോധികയുടെ കൈയിൽ അഞ്ഞൂറിന്റെ നോട്ടുകളുള്ളതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.










0 comments