സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്

കൊച്ചി : നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ കേസ്. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കൾ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കങ്ങൾക്ക് പിന്നാലെ ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവീഡിയോകൾ തൊപ്പി പുറത്തുവിട്ടെന്നാണ് പരാതി. ഇതിനെച്ചൊല്ലി ദിവസങ്ങളോളം ഇരുപക്ഷവും സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ലൈവ് വീഡിയോകൾ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൊപ്പി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് ഇയാളുടെ സുഹൃത്ത് ഷമീർ വെളിപ്പെടുത്തി. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ തൊപ്പി ഉപയോഗിക്കുമെന്ന് ആരോപിച്ച ഇവർ തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
സംഭവത്തിൽ ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നൽകിയതായി അവകാശപ്പെട്ട് പിന്നീട് തൊപ്പി രംഗത്തെത്തി. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ തൊപ്പിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ട്. മുമ്പും തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റങ്ങൾ ആരോപിച്ച് നൽകിയ പരാതിയിലാണ് കേസെടുത്തത്.









0 comments