ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന പരാമർശം: ബിജെപി നേതാവിനെതിരെ കേസ്

പാലക്കാട്: ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമർശത്തിൽ ബിജെപി നേതാവിനെതിരെ കേസ്. മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജനെതിരെ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ബിഎൻഎസ് 192 വകുപ്പ് പ്രകാരം കേസ് രജിസറ്റർ ചെയ്തത്. ദേശീയപാതകയെ അപമാനിച്ചും മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചും പരാമർശം നടത്തിയതിനെതിരെയാണ് കേസ്.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയിൽ ആർഎസ്എസ് ചിഹ്നങ്ങൾ പ്രദർപ്പിച്ച ഗവർണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് ശിവരാജന്റെ വിവാദ പരാമർശം. ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ ശിവരാജൻ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
ദേശീയ പതാകയായ ത്രിവർണ പതാകയ്ക്ക് സമാനമായ കൊടികൾ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർടിയും ഉപയോഗിക്കാൻ പാടില്ല. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് വേണമെങ്കിൽ പച്ച പതാക ഉപയോഗിക്കട്ടെ. ഇന്ത്യൻ ചരിത്രമറിയാത്ത രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും വേണമെങ്കിൽ ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞിരുന്നു.
0 comments