കോഴിക്കോട് തീരത്തിനടുത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; നിരവധി കണ്ടെയ്നറുകൾ കടലിൽ പതിച്ചു

wai hai 503
വെബ് ഡെസ്ക്

Published on Jun 09, 2025, 01:14 PM | 2 min read

ബേപ്പൂർ: കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന്‌ മുംബൈയ്ക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ 22 ജീവനക്കാർ ഉണ്ടെന്നാണ് വിവരം. നിരവധി കണ്ടെയ്നറുകൾ കടലിലേക്ക് പതിച്ചതായാണ് റിപ്പോർട്ട്. വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിനാണ് തീപിടിച്ചത്. രാവിലെ 9.50ന് കപ്പലിലെ കണ്ടെയ്നർ സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിൽ തീ പടരുകയായിരുന്നു. അഴീക്കലിൽ നിന്നും 44 നോട്ടിക്കൽ മൈൽ അകലെയാണ് തീപിടിത്തമുണ്ടായത്.


wan hai 503


ബേപ്പൂർ - അഴീക്കൽ തുറമുഖങ്ങൾക്കിടയിലാണ് അപകടം. ബേപ്പൂരിൽ നിന്നും 70 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കണ്ണൂർ ഏഴി മലയിൽ നിന്നും 40 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് അറബിക് കടലിലാണ് ചരക്ക് കപ്പലിൽ തീപിടിത്തമുണ്ടായത്. നേവിയും കോസ്റ്റ്​ഗാർഡും രക്ഷാ ദൗത്യം തുടങ്ങി. കടലിൽ പതിച്ച കണ്ടെയിനറുകളിൽ രാസവസ്‌തുക്കളില്ലെന്നാണ്‌ പ്രാഥമിക നിഗമനം.


കപ്പലിൽ നിന്ന് പുകച്ചുരുൾ ഉയരുന്നത് കണ്ട് 18 ജീവനക്കാര്‍ കടലിൽ ചാടിയതായാണ് വിവരം. ഇവരെ രക്ഷാ ബോട്ടുകളിൽ കയറ്റി കരയ്ക്കെത്തിക്കാൻ ശ്രമം നടക്കുകയാണ്. 650 കണ്ടെയ്‌നറുകൾ കപ്പലിലുണ്ടെന്നും അതിൽ 22 എണ്ണം കടലിൽ പതിച്ചെന്നുമാണ്‌ റിപ്പോര്‍ട്ടുകൾ. ഐഎൻഎസ്‌ സൂറത്ത്‌ അപകടസ്ഥലത്തേയ്ക്ക്‌ പുറപ്പെട്ടു. ഡോണിയര്‍ വിമാനങ്ങളും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.





സിംഗപ്പുര്‍ പതാകയുള്ള എംവി വാൻ ഹായ് 503 കപ്പലിലാണ് തീപിടിത്തമുണ്ടായത്. 270 മീറ്റര്‍ നീളമുള്ള കണ്ടെയ്നര്‍ വെസലാണ് വാൻ ഹായ്. ഫീഡര്‍ ആയി പ്രവര്‍ത്തിക്കുന്ന കപ്പലിന് 20 വര്‍ഷം പഴക്കമുള്ളതായാണ് വിവരം. മുംബൈയിലെ മാരിടൈം ഓപ്പറേഷൻസ് സെന്റർ രാവിലെ 10.30 ഓടെയാണ് കൊച്ചിയിലെ സഹപ്രവർത്തകർക്ക് തീപിടിത്ത വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് കൊച്ചിയിൽ നങ്കൂരമിടാൻ നിശ്ചയിച്ചിരുന്ന ഐഎൻഎസ് സൂറത്തിനെ അടിയന്തര സഹായം നൽകുന്നതിനായി അപകട സ്ഥലത്തേക്ക് തിരിച്ചുവിട്ടു.


രാവിലെ 11ഓടെ വെസ്റ്റേൺ നേവൽ കമാൻഡ് കപ്പൽ തിരിച്ചുവിട്ടതായി പ്രതിരോധ സേനയിലെ പിആർഒ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി കൊച്ചിയിലെ നാവിക വ്യോമതാവളമായ ഐഎൻഎസ് ഗരുഡയിൽ നിന്ന് ഒരു നേവി ഡോർണിയർ വിമാനം പുറപ്പെടും. ജൂൺ 7നാണ് കൊളംബോയിൽ നിന്ന് കപ്പൽ യാത്ര പുറപ്പെട്ടത്. ജൂൺ 10 ന് കപ്പൽ മുബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.



Live Updates
5 months agoJun 09, 2025 04:41 PM IST

ഐഎൻഎസ് സൂറത്ത് അപകട സ്ഥലത്തെത്തി


5 months agoJun 09, 2025 04:34 PM IST

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളായ സച്ചേത്, അർൺവേഷ്, സമുദ്ര പ്രഹരി, അഭിനവ്, രാജ്ദൂത്, സി -144 എന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.


5 months agoJun 09, 2025 03:59 PM IST

പരിക്കേറ്റവരെ കരയ്ക്ക് എത്തിക്കാൻ ട​ഗ് ബോട്ടുകൾ സജ്ജീകരിച്ചു

5 months agoJun 09, 2025 03:55 PM IST

കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്

5 months agoJun 09, 2025 03:53 PM IST

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ബേപ്പൂർ തുറമുഖ പരിസരത്ത് ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്.

5 months agoJun 09, 2025 03:22 PM IST

WAN HAI ACCIODENT SPOTവാൻ ഹായ് 503 കപ്പൽ തീപിടിത്തമുണ്ടായ സ്ഥലം

5 months agoJun 09, 2025 02:45 PM IST

കപ്പലിലുള്ള ചരക്കിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രത്തോട് തേടി


5 months agoJun 09, 2025 02:43 PM IST

തീയണയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ശ്രമം തുടരുകയാണ്.


5 months agoJun 09, 2025 02:35 PM IST

അപകടത്തിൽപ്പെട്ട ജീവനക്കാർക്ക് ചികിത്സ ഉറപ്പാക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.


5 months agoJun 09, 2025 02:33 PM IST

കടലിൽ ചാടിയ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനാണ് മുൻ​ഗണന. നാല് ജീവനക്കാരെ കാണാനില്ല

5 months agoJun 09, 2025 02:31 PM IST

അഞ്ച് ജിവനക്കാർക്കാണ് പൊള്ളലേറ്റത്. രണ്ട് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു


5 months agoJun 09, 2025 02:30 PM IST

കപ്പലിലെ ജീവനക്കാരിൽ ഇന്ത്യക്കാരില്ല. ചൈന, മ്യാൻമര്‍, തായ്ലൻ്റ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിര്‍ദേശം നൽകി.

5 months agoJun 09, 2025 02:29 PM IST










deshabhimani section

Related News

View More
0 comments
Sort by

Home