കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ സൗദി അറേബ്യയും ഖത്തറും യുഎഇയും ആവശ്യപ്പെട്ടതിനാൽ വിമാനത്താവളങ്ങളില്‍ ചരക്ക് കെട്ടിക്കിടക്കുന്നു
print edition പശ്ചിമേഷ്യന്‍ യുദ്ധം ; പഴം, പച്ചക്കറി, സമുദ്രോൽപ്പന്ന കയറ്റുമതി പ്രതിസന്ധിയില്‍

കൊച്ചി
പശ്ചിമേഷ്യന്‍ സംഘര്‍ഷം കേരളത്തിലെ കയറ്റുമതിമേഖലയ്ക്ക് കനത്ത ആഘാതമാകുന്നു. സംസ്ഥാനത്തുനിന്നുള്ള പഴം, പച്ചക്കറികളുടെ പ്രധാന വിപണിയാണ് മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ദിവസം ശരാശരി 250 മുതല്‍ 300 ടണ്‍വരെ പഴം, പച്ചക്കറിയാണ് ഈ മേഖലയിലേക്ക് കയറ്റുമതിചെയുന്നത്.
യുദ്ധംമൂലം സംസ്ഥാനത്തുനിന്ന് ഗള്‍ഫിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയതോടെ സൗദി അറേബ്യയും ഖത്തറും യുഎഇയും കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും ചരക്ക് വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുകയാണെന്നും കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു. എളുപ്പത്തില്‍ കേടാകുന്ന ഇവയുടെ കയറ്റുമതി തടസ്സപ്പെട്ടത് കയറ്റുമതിക്കാര്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കനത്ത നഷ്‌ടമുണ്ടാക്കും.
നടപ്പുസാമ്പത്തികവര്‍ഷം ഏപ്രില്‍–ഡിസംബര്‍ കാലയളവില്‍ യുഎഇയിലേക്ക് 1806.82 കോടിയുടെയും സൗദി അറേബ്യയിലേക്ക് 283.69 കോടിയുടെയും പഴം, പച്ചക്കറികളാണ് കയറ്റുമതി ചെയ്തത്. റംസാന്‍ മാസമായതിനാല്‍ 30–40 ശതമാനം അധിക ഓര്‍ഡര്‍ പ്രതീക്ഷിച്ചിരിക്കെയാണ് തിരിച്ചടി. പഴം, പച്ചക്കറി, നാളികേര ഉൽപ്പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി. യൂറോപ്യന്‍ യൂണിയനിലേക്കുള്ള (ഇയു) ഏതാണ്ട് എല്ലാ കാര്‍ഗോയും ഖത്തര്‍വഴി ഖത്തര്‍ എയര്‍വേസും ദുബായ് വഴി എമിറേറ്റ്സ് എയര്‍ലൈനുമാണ് കൊണ്ടുപോകുന്നത്. അവര്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കിയതിനാല്‍ അതും തടസ്സപ്പെട്ടു.
സമുദ്രോൽപ്പന്നങ്ങളുടെയും സ്ഥിതി സമാനമാണ്. ആകെ കയറ്റുമതിയുടെ 10–15 ശതമാനത്തോളം യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ്. യുദ്ധംമൂലം ഇതുവരെ 250 കോടിയോളംരൂപയുടെ നഷ്ടമുണ്ടാകുമെന്നും സമുദ്രോൽപ്പന്ന കയറ്റുമതിക്കാര്‍ പറയുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ചരക്കുകപ്പലുകളെയും ബാധിച്ചു. വിവിധ വിപണികളിലേക്ക് ആഫ്രിക്ക ചുറ്റിപ്പോകേണ്ടിവരുന്നതിനാല്‍ യാത്രാസമയം 20 ദിവസംവരെ വര്‍ധിക്കും. അവസരം മുതലെടുക്കാന്‍ കപ്പല്‍ കമ്പനികളും ഇന്‍ഷുറന്‍സ് കമ്പനികളും നിരക്ക് കുത്തനെ കൂട്ടിയെന്നും ഇത് വലിയ തിരിച്ചടിയാകുമെന്നും സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഡോ. കെ എന്‍ രാഘവന്‍ പറഞ്ഞു.










0 comments