കോട്ടയം ജനറല്‍ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി; അധികൃതർ അറിഞ്ഞില്ല

എക്സൈസ് ഉദ്യോഗസ്ഥർ ചെടി പരിശോധിക്കുന്നു. വീഡിയോ സ്ക്രീൻഷോട്ട്
കോട്ടയം : ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിനടുത്ത് കഞ്ചാവ് ചെടി വളര്‍ന്നത് രണ്ടുമാസത്തോളം. ജില്ലാ ജനറല്‍ ആശുപത്രിയില്‍ കണ്ണ് പരിശോധനാ കേന്ദ്രത്തിനുസമീപത്തെ ഔഷധസസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി വളര്‍ന്നത്. വിവരം പുറത്തറിഞ്ഞതോടെ എക്‌സൈസ് സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു.
വ്യാഴം ഉച്ചയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിലെ കണ്ണ് പരിശോധനാ വിഭാഗത്തിനുസമീപത്ത് എത്തിയ യുവാവാണ് ആദ്യം ചെടി കണ്ടത്. കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയ യുവാവ് ആശുപത്രി വികസന സമിതി അംഗത്തെ വിവരം അറിയിച്ചു. ചെടിയുടെ ചിത്രം പകര്‍ത്തി എക്‌സൈസ് ഉദ്യോഗസ്ഥനായ എം പ്രവീണ്‍ ശിവാനന്ദന് അയച്ചുനല്‍കി. ഇതോടെ ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന്, കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസഫിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആശുപത്രിയില്‍ എത്തിയവർ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചപ്പോള്‍ വിത്ത് മുളച്ചതാകാമെന്ന് എക്‌സൈസ് പറഞ്ഞു. എന്നാല്‍, രണ്ട് മാസത്തോളം നീണ്ട വേനല്‍ക്കാലത്ത് വെള്ളം ഒഴിച്ചു നല്‍കി ആരെങ്കിലും വളർത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.










0 comments