Deshabhimani

print edition കേരള ബാങ്കിനെതിരായ പ്രചാരണം സർക്കാരിന് ചേർന്നതല്ല: പിണറായി

pinarayi vijayan speech at Peroorkada Service Cooperative Bank Centenary

പേരൂർക്കട സഹകരണ ബാങ്ക് ശതാബ്ദി ആഘോഷസമാപനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 12:15 AM | 2 min read

തിരുവനന്തപുരം: സഹകരണ മേഖലയിലെ ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കായി മാറിയ കേരള ബാങ്കിനെതിരെ പ്രചാരണം നടത്തുന്നത് സംസ്ഥാന സർക്കാരിന് ചേർന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.


കേരളത്തിലെ സഹകാരികളുടെ പൊതുവികാരത്തിന്റെ ഭാഗമായി രൂപംകൊണ്ട സ്ഥാപനത്തെ തെറ്റായ രീതിയിൽ സമീപിക്കുന്നത് ദോഷങ്ങളുണ്ടാക്കും. പേരൂർക്കട സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരള ബാങ്കിന്റെ സംഭാവനയും ഗുണവും എന്താണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. കാർഷിക വായ്പകൾക്ക് ഉൾപ്പെടെ പലിശ കുറഞ്ഞത് കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായാണ്. വാണിജ്യ ബാങ്കുകളിൽനിന്ന് വ്യത്യസ്തമായി സഹകരണ ബാങ്കുകളിൽ ലഭിക്കുന്ന നിക്ഷേപം അതത് നാട്ടിലെ ആവശ്യക്കാർക്ക് തന്നെയാണ് വായ്പയായി നൽകുന്നത്.


സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്‌. അതിനുശേഷമാണ് കേന്ദ്ര സർക്കാർ മൾട്ടി സ്റ്റേറ്റ് സഹകരണ നിയമം ഭേദഗതി ചെയ്തത്. ഇതോടെ കേരളത്തിൽ ഉൾപ്പെടെ വ്യാപകമായി മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കപ്പെട്ടു. ഇവ വലിയ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും പിന്നീട് ആളുകൾക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. പണം നഷ്ടപ്പെട്ടവർ നിരവധിയാണെങ്കിലും കേന്ദ്ര നിയമത്തിന് കീഴിലുള്ള സ്ഥാപനങ്ങളായതിനാൽ നടപടിയെടുക്കാൻ സംസ്ഥാനത്തെ സഹകരണ വകുപ്പിനോ സർക്കാരിനോ കഴിയില്ല. സഹകരണ മേഖലയുടെ പൊതുസ്വീകാര്യത തകർക്കുന്ന വിധത്തിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം.


നോട്ട് നിരോധന കാലത്ത് പോസ്റ്റ് ഓഫീസുകൾക്കും പെട്രോൾ പമ്പുകൾക്കും സൗകര്യങ്ങൾ നൽകിയപ്പോൾ സഹകരണ ബാങ്കുകളെ കേന്ദ്രം പൂർണമായി ഒഴിവാക്കി. ആ ഘട്ടത്തിൽ സഹകരണ മേഖലയ്ക്കെതിരെ ഉയർന്ന വ്യാജ പ്രചാരണങ്ങൾ ഏറ്റുപാടാൻ കേരളത്തിലെ സഹകരണ മേഖലയുടെ ഭാഗമായ ചിലർ തയ്യാറായി എന്നത് നിർഭാഗ്യകരമാണ്. എന്നാൽ മേഖലയെ തകർക്കാൻ ഉദ്ദേശിച്ചവർക്ക് അതിന് കഴിഞ്ഞിട്ടില്ല, ഓരോ ഘട്ടത്തിലും സഹകരണ മേഖല അഭിവൃദ്ധിപ്പെട്ട് വന്നിട്ടേയുള്ളൂ.


ദുരന്തഘട്ടങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ മാതൃകാപരമായ ഇടപെടലുകൾ നടത്തി. പേരൂർക്കട സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തത് മറ്റ് ബാങ്കുകൾക്കും മാതൃകയായി . സഹകരണ മേഖല പൂർണമായും അഴിമതിമുക്തമായി നിലനിൽക്കണം. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് മേഖലയെ ഒന്നടങ്കം തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


പേരൂർക്കട സർവീസ് സഹ. ബാങ്ക് ശതാബ്ദി ആഘോഷം സമാപിച്ചു


പേരൂർക്കട സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.


സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം വിജയകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ബാങ്ക് പ്രസിഡന്റ് എം ജി മീനാംബിക, വി കെ പ്രശാന്ത്, ബി ബിജു, എസ് ശ്യാമളകുമാർ, ബാങ്ക് സെക്രട്ടറി ബി യമുന എന്നിവർ സംസാരിച്ചു.


ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ കവർപേജ് പ്രതിപക്ഷ നേതാവ് പ്രകാശിപ്പിച്ചു. ഡയാലിസിസ് രോഗികൾക്ക് എല്ലാ മാസവും 1000 രൂപ വീതം ധനസഹായം നൽകുന്ന ശതാബ്‌ദി ഡയാലിസിസ് പദ്ധതി, രക്ഷിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് സ്ഥലം വാങ്ങി വീട് വച്ച് നൽകാനുള്ള പദ്ധതി എന്നിവയ്ക്കും തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. സമാപന വാരാഘോഷം 14ന് വിളംബര ഘോഷയാത്രയോടെയാണ് ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home