കാലിഫോർണിയ ഇരട്ടക്കൊലപാതകം; മകൾ പോയെന്ന് വിശ്വസിക്കാനാകാതെ ജിജി മാത്യു

കാലിഫോർണിയയിൽ കൊല്ലപ്പെട്ട ആൻ മേരി മാത്യുവിന്റെ കേശവദാസപുരത്തുള്ള വീട്
തിരുവനന്തപുരം : മകൾ കൊല്ലപ്പെട്ടെന്ന വാർത്തയിൽ നടുങ്ങി ആൻ മേരി മാത്യുവിന്റെ അച്ഛൻ ജിജി മാത്യു. അമേരിക്കയിലെ കലിഫോർണിയയിലെ സനോസെ നഗരത്തിലെ ഫ്ലാറ്റിൽ വെള്ളിയാഴ്‌ച സുഹൃത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ആൻ മേരി മാത്യുവിന്റെ പിതാവാണ് ജിജി. മരണവാർത്ത ജിജി മാത്യുവിന് വിശ്വസിക്കാനായിട്ടില്ല. മാധ്യമപ്രവർത്തകരോട് പ്രതികരിക്കാനും തയ്യാറായില്ല. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ഇദ്ദേഹം, ഭാര്യ ബെസിയുടെ വിയോഗത്തിനുശേഷം കേശവദാസപുരം കാക്കനാട് ലെയ്‌ൻ 22 മറ്റത്തുവീട്ടിൽ തനിച്ചാണ് താമസം. ഇടയ്‌ക്കൊക്കെ മകളും ഭർത്താവ് കോട്ടയം കുറിച്ചി ചിങ്ങവനം പള്ളിത്തറവീട്ടിൽ ജേക്കബ്ബും (മിഥുൻ) ഫോണിൽ ബന്ധപ്പെടാറുണ്ട്. നാലുവർഷമായി കലിഫോർണിയയിലുള്ള ഇരുവരും രണ്ടരവർഷംമുമ്പ് നാട്ടിൽ വന്നിരുന്നു.
കോട്ടയം മൂന്നിലവ് സ്വദേശി അനിലയാണ് സുഹൃത്തുക്കളായ ആനിനെയും തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജനയെയും കൊലപ്പെടുത്തിയത്. ‘അനില ഇരുവരെയും കൊലപ്പെടുത്താനുള്ള കാരണമറിയില്ല. അനിലയ്‌ക്ക് അമേരിക്കയിലെ ജോലി നഷ്‌ടപ്പെട്ടതിന്റെ മാനസികസമ്മർദത്തിൽ കൃത്യം നടത്തിയെന്ന മാധ്യമവാർത്തമാത്രമേ ഞങ്ങൾക്കുമറിയൂ. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇനി സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിച്ചാലേ വ്യക്തതയുള്ളൂ’– ബന്ധുക്കൾ പറഞ്ഞു. മൂന്നുപേരും കുടുംബത്തോടൊപ്പം കലിഫോർണിയയിൽ ഒരേ അപ്പാർട്ട്‌മെന്റിലാണ് കഴിഞ്ഞിരുന്നത്. നിയമപ്രശ്‌നങ്ങളുള്ളതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ടാഴ്‌ചയെങ്കിലുമെടുക്കും. കോട്ടയത്തെ ഭർത്താവിന്റെ വീട്ടിലേക്കായിരിക്കും എത്തിക്കുക. സംസ്‌കാരം കോട്ടയത്ത് നടക്കും. പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിലായിരിക്കും സംസ്‌കാരം. യുഎസിലെ സ്‌കൂളിൽ കംപ്യൂട്ടർ അധ്യാപികയാണ്. ആൻഡ്രീന (10), അലിസ (5) എന്നിവരാണ് മക്കൾ. ആനിന്റെ സഹോദരി: അബന (മസ്‌കത്ത്).
ഞെട്ടലിൽ തഴയ്ക്കവയൽ ഗ്രാമം
അമേരിക്കയിലെ കാലിഫോർണിയയിലെ മലയാളി സ്‌ത്രീകളുടെ ഇരട്ടക്കൊലയുടെ ഞെട്ടലിലാണ് ഈരാറ്റുപേട്ട തഴയ്ക്കവയൽ ഗ്രാമം. കൂട്ടുകാരികളെ ദാരുണമായി കൊലപ്പെടുത്തിയത് സ്വന്തം നാട്ടുകാരി അനില (32)യാണെന്ന് നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അനിലയുടെ ഉറ്റസുഹൃത്തുക്കളായ അഞ്ജനയും ആൻമേരിയുമാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ വിഷാദമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം എങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നാലുവർഷം മുമ്പാണ് അനില ജോലിക്കായി യുഎസിലേക്ക് പോയത്. അവിടെ ഭർത്താവിനും കുഞ്ഞിനുമൊപ്പമായിരുന്നു താമസം. മാതാപിതാക്കളും ഇവർക്കൊപ്പം തന്നെയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ ഓണാഘോഷത്തിൽ അനിലയും കൊല്ലപ്പെട്ട രണ്ടുപേരും പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണതെങ്ങനെയെന്നും കാര്യങ്ങൾ മാറിമറിഞ്ഞതെങ്ങനെയെന്നും വ്യക്തതയില്ല.









0 comments