കാലിക്കറ്റ് സർവ്വകലാശാല ഡിഎസ് യു തിരഞ്ഞെടുപ്പ് അട്ടിമറി : യുഡിഎസ്എഫുകാർക്ക് പരസ്യ പിന്തുണയുമായി താൽക്കാലിക വിസി

തേഞ്ഞിപ്പലം: വ്യാപക അക്രമം നടത്തി ഡിപ്പാർട്ട്മെൻ്റൽ സ്റ്റുഡൻസ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിച്ചവർക്ക് പിന്തുണയുമായി കലിക്കറ്റ് സർവ്വകലാശാല താൽക്കാലിക വൈസ് ചാൻസിലർ. ഇതിൻ്റെ ഭാഗമായി എസ്എഫ്ഐ വിജയിക്കുമെന്ന് ഉറപ്പായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറൽ സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പ് ഡോ. പി രവീന്ദ്രൻ റദ്ദാക്കി.
പ്രതിഷേധം ഭയന്ന് വീട്ടിലിരുന്നാണ് താൽക്കാലിക വൈസ് ചാൻസിലറുടെ തീരുമാനം. സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ നൽകിയത് ചട്ട വിരുദ്ധമാണെന്ന യുഡിഎസ്എഫ് വാദം അക്ഷരം പ്രതി അനുസരിച്ചാണ് സംഘപരിവാർ വേദികളിലെ നിറസാന്നിധ്യവും മുസ്ലീം ലീഗിൻ്റെ ഇഷ്ട തോഴനുമായ ഡോ. പി രവീന്ദ്രൻ്റെ ഏകപക്ഷീയ തീരുമാനം. തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഐടിഎസ്ആർ ചെതലയം, ജോൺ മത്തായി സെൻറർ തൃശൂർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ഐഇടി) എന്നിവിടങ്ങളിൽ എസ്എഫ്ഐയാണ് വിജയിച്ചിരിക്കുന്നത്. ഇതിലുള്ള അസഹിഷ്ണുതയാണ് കോൺഗ്രസ് അനുകൂല നേതാവ് കൂടിയായ ഡോ. പി രവീന്ദ്രനെ നിർദ്ദേശത്തിന് പ്രേരിപ്പിച്ചത്. പരാതികളൊന്നും ഇല്ലാതെ കഴിഞ്ഞ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ക്രമനമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടുണ്ട്.
എംഎസ്എഫ് മുന്നണിക്ക് കടുത്ത പരാജയം ഏറ്റ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശമെന്നാണ് സൂചന. മുഖം രക്ഷിക്കാനായി അക്രമ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അധ്യാപകരടങ്ങുന്ന അഞ്ച് അംഗ കമ്മിറ്റിയെ വിസി നിയോഗിച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. ഡോ. സന്തോഷ് നമ്പി ചെയർമാനായ കമ്മിറ്റിയിൽ ഡോ. എ എം വിനോദ് കുമാർ, ഡോ. എൻ മുഹമ്മദ് അലി, ഡോ. പ്രീതി കുറ്റി പുലക്കൽ, ഡോ. കെ കെ ഏലിയാസ് എന്നിവർ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം തൃശൂർ രാമനിലയത്തിലേക്ക് ഗവർണർ താൽക്കാലിക വിസിയെ വിളിച്ചു വരുത്തിയിരുന്നു. യുഡിഎസ്എഫിനെ സഹായിക്കാനുള്ള പദ്ധതിക്ക് ചാൻസിലുടെ പിന്തുണയുണ്ടെന്നാണ് സൂചന. ഡോ. പി രവീന്ദ്രൻ്റെ പേഴ്സണൽ സ്റ്റാഫിൽ കോ-ലീ- ബി സഖ്യമാണുള്ളത്.










0 comments