print edition കലിക്കറ്റ് വിസി നിയമനം ; സെർച്ച് കമ്മിറ്റിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് പ്രൊഫ. എ സാബു

കൊച്ചി
കലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതിനായി ചാൻസലർ രൂപീകരിച്ച സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് സെനറ്റ് പ്രതിനിധി പ്രൊഫ. എ സാബു ഹെെക്കോടതിയിൽ സത്യവാങ്മൂലം നൽകി. അസൗകര്യം ചൂണ്ടിക്കാട്ടി സെർച്ച് കമ്മിറ്റിയിൽനിന്ന് നേരത്തേ രാജിവച്ചിട്ടും കണക്കിലെടുക്കാതെ തന്നെക്കൂടി ഉൾപ്പെടുത്തി ചാൻസലർ വിജ്ഞാപനമിറക്കുകയായിരുന്നുവെന്ന് അറിയിച്ചു. സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ നിയമസാധുത ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് നടപടി.
മൂന്നംഗ കമ്മിറ്റിയിലേക്ക് സെനറ്റ് നാമനിർദേശം ചെയ്ത പ്രൊഫ. എ സാബു രാജിവച്ചതോടെ കമ്മിറ്റി നിയമപരമായി നിലനിൽക്കില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജിക്കത്ത് പരിഗണിക്കാതെ പ്രൊഫ. സാബുവിനെക്കൂടി ഉൾപ്പെടുത്തി ചാൻസലർ തിടുക്കപ്പെട്ട് വിജ്ഞാപനമിറക്കുകയായിരുന്നു. കൂടാതെ ചാൻസലറുടെ പ്രതിനിധിയായ ഡോ. എലുവത്തിങ്കൽ ഡി ജെമ്മിസിന്റെ യോഗ്യതയും ചോദ്യംചെയ്‌തിരുന്നു. ഹർജി കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ ജെമ്മിസിനെ മാറ്റി സെർച്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി ചാൻസലർ കോടതിയെ അറിയിച്ചിരുന്നു. ഹർജി വീണ്ടും 26ന് പരിഗണിക്കും.









0 comments