നിരീക്ഷകൻ യുഡിഎഫ് അനുകൂല യോഗത്തിൽ; ഡിഎസ്‌യു തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം പുറത്ത്

തേഞ്ഞിപ്പലം : കലിക്കറ്റ് സർവകലാശാല ഡിഎസ്‌യു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ഗൂഢാലോചന പുറത്തായി. സർവകലാശാല ഗസ്റ്റ് ഹൗസിലെ മുറിയിൽ കോൺഗ്രസ് അനുകൂല അധ്യാപക നേതാവും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ ഡോ. സി ഡി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ യുഡിഎഫ് സിൻഡിക്കറ്റംഗങ്ങളും കെഎസ്‌യു, എംഎസ്എഫ് നേതാക്കളും യോഗം ചേർന്നു. വേട്ടെണ്ണലിന് മുമ്പായിരുന്നു യോഗം.
സിൻഡിക്കറ്റംഗങ്ങളായ ഡോ. പി റഷീദ് അഹമ്മദ്, ടി ജെ മാർട്ടിൻ, കോൺഗ്രസ് - ലീഗ് അനുകൂല ജീവനക്കാരുടെ നേതാക്കളായ ചാൾസ് പി ചാണ്ടി, ടി മുഹമ്മത് സാജിദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. താൽക്കാലിക വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രന്റെ വിശ്വസ്തനായ ഡോ. ടി എം വാസുദേവനൊപ്പമാണ് തിരഞ്ഞെടുപ്പ് നിരീക്ഷകനായ സി ഡി സെബാസ്റ്റ്യൻ യോഗത്തിനെത്തിയത്. വിവരമറിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതോടെ വിദ്യാർഥികൾക്കെതിരെ എംഎസ്എഫ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഏറെ നേരത്തെ സംഘർഷത്തിനിത് ഇടയാക്കി. വിവാദമായതോടെ യുഡിഎഫ് അനുകൂല സംഘടനകൾ നടത്തുന്ന കോൺക്ലേവിനെ കുറിച്ചാലോചിക്കാനാണ് യോഗം ചേർന്നതെന്ന വാദവുമായി യുഡിഎഫ് അനുകൂലികൾ രംഗത്തെത്തി.
തിരഞ്ഞെടുപ്പ് നിരീക്ഷകൻ യോഗത്തിനെത്തിയതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. കോൺഗ്രസ് അനുകൂല സംഘടനയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ് സെബാസ്റ്റ്യൻ. ഇദ്ദേഹമടക്കം അഞ്ച് തിരഞ്ഞെടുപ്പ് നിരീക്ഷകരെയാണ് താൽക്കാലിക വൈസ് ചാൻസിലർ നിയോഗിച്ചത്.









0 comments